
തിരുവനന്തപുരം : കിളിമാനൂരിൽ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 85 ശതമാനം പൊള്ളലേറ്റ ശശിധരൻ നായർക്ക് ഇപ്പോഴും ഓക്സിജൻ നൽകിക്കൊണ്ടിരിക്കുകയാണ്. മടവൂര്‍ സ്വദേശിയ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ഇന്നലെയാലാണ് ഇയാൾ തീകൊളുത്തി കൊന്നത്.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമുണ്ടായത്. കിളിമാനൂര്‍-പാരിപ്പള്ളി റോഡിനോട് ചേര്‍ന്ന പ്രഭാകരക്കുറുപ്പിന്‍റെ വീട്ടില്‍ വിമുക്തഭടനായ ശിധരന്‍ നായര്‍ പെട്രോളും ചുറ്റികയുമായി എത്തി, ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം പ്രഭാകരക്കുറുപ്പിനെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത്, ആളിക്കത്തിനിൽക്കുന്ന പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയുമാണ്.
വീടിന്‍റെ മുറ്റത്ത് ശശിധരന്‍നായര്‍ പൊള്ളലേറ്റ നിലയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രഭാകരക്കുറുപ്പ് ഉച്ചയ്ക്കും 90 ശതമാനം പൊള്ളലേറ്റ വിമലാകുമാരി വൈകീട്ടും മരണമടഞ്ഞു. 85 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ശശിധരൻ നായർക്ക് വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നത്.
മകന്‍റെ ആത്മഹത്യയ്ക്ക് കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ചാണ് ശശിധരന്‍ നായർ കൊടുംക്രൂരത ചെയ്തത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്‍റെ സഹായത്തോടെ ശശിധരന്‍നായരുടെ മകന്‍ ബഹ്റിനിലേക്ക് ജോലിക്കായി പോയിരുന്നു. നല്ല ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ ശശിധരൻ നായരുടെ മകന്‍ വിദേശത്ത് ജീവനൊടുക്കി. മകന്‍ മരിക്കാന്‍ കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ച് ശശിധരന്‍ നായര്‍ നിയമ നടപടികളുമായി മുന്നോട്ടുപോയി.
കിളിമാനൂരിൽ ദമ്പതിമാരെ മുൻ സൈനികൻ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു, കൊലയ്ക്ക് കാരണം മുൻവൈരാഗ്യം
അതിനിടയില്‍ ശശിധരൻ നായരുടെ മകളും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ശശിധരന്‍നായര്‍ കൊടുത്ത കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ പ്രതികാരം ചെയ്യാന്‍ ശശിധരന്‍ നായര്‍ തീരുമാനിക്കുകയായിരുന്നു.
കാത്തിരുന്ന് പകതീർക്കാനെത്തിയ ശശിധരൻ നായർക്ക് സഹായവുമായി മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത്തരം സാധ്യതകൾ തള്ളുകയാണ് പള്ളിക്കൽ പൊലീസ്. കൂടുൽ വ്യക്തതയ്ക്കായി സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പരിശോധിക്കും. ഗുരുതരാവസ്ഥയിലുള്ള പ്രതി ആരോഗ്യം വീണ്ടെടുത്താലെ മൊഴിയെടുക്കാനാവൂ എന്നതും കേസ് അന്വേഷണത്തിലെ വെല്ലുവിളിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam