
പറ്റ്ന: ബിഹാറിൽ യുവതിയുടെ കാമുകനെ ബന്ധുക്കൾ ഓടുന്ന ബസിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. മുസാഫർ പുർ ജില്ലയിൽ കത്താറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ സംഭവം നടന്നത്. 25- കാരനായ റോഷൻ കുമാറാണ് കൊല്ലപ്പെട്ടത്. ഒരേ സമുദായത്തിൽ പെട്ടവരാണ് പെൺകുട്ടിയും യുവാവും. ഇരുവരും പ്രണയത്തിലായിരുന്നു. ഇത് പെൺകുട്ടിയുടെ വീട്ടുകാരെ ചൊടിപ്പിച്ചിരുന്നു. കത്താറ പൊലീസ് ഔട്ട്‌പോസ്റ്റ് പ്രദേശത്തെ താമസക്കാരനായ റോഷൻ കുമാർ സെപ്റ്റംബർ 29 ന് പെൺകുട്ടിയുമായി ഒളിച്ചോടിയതോടെയാണ് സംഭവത്തിന്റെ തുടക്കം.
യുവതിയും റോഷനും തങ്ങുന്ന ഹാജിപുരിനാടുത്തുള്ള സ്ഥലം തിരിച്ചറിഞ്ഞ യുവതിയുടെ ബന്ധുക്കൾ അവരെ തേടിയെത്തി. വിവാഹം നടത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഇരുവരെയും അനുനയിപ്പിച്ച് വണ്ടിയിൽ കയറ്റി. വീട്ടിൽ വിടാമെന്ന് പറഞ്ഞ് സമ്മതിച്ച് യുവാവിനെയും ബന്ധുക്കളെത്തിയ സ്കോർപ്പിയോയിൽ കയറ്റി യാത്ര തുടങ്ങി. ഫക്കൂലി ചൌക്കിൽ എത്തിയപ്പോൾ റോഡ് സൈഡിൽ വണ്ടി നിർത്തി. യുവാവിനോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെടുകയും, യുവതിയുടെ ബന്ധുക്കളായ രണ്ട് യുവാക്കൾ റോഷനെ അനുഗമിക്കുകയും ചെയ്തു.
റോഡ് മുറിച്ച് കടക്കാൻ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു ഇരുവരും കൂടെ പോയത്. എന്നാൽ പെട്ടെന്നെത്തിയ ബസിന്റെ ടയറിനടിയിലേക്ക് റോഷനനെ ബന്ധുക്കളായ യവാക്കൾ തള്ളിയിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ടയറിനടിയിൽ പെട്ട യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തിൽ നേരത്തെയും നിരവധി സംഭവങ്ങൾ പ്രദേശത്ത് നടന്നിട്ടുണ്ട്. പ്രണയത്തെ തുടർന്ന് യുവാവിന്റെ കണ്ണിൽ ആസിഡ് കുത്തിക്കയറ്റിയ സംഭവത്തിന്റെ വാർത്ത കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്നിരുന്നു. കാമുകിയെ കാണാൻ പോയ സിക്കന്ദർ മണ്ഡൽ എന്ന യുവാവിനോടായിരുന്നു നാട്ടുകാരുടെ ക്രൂരത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam