
കൊച്ചി : എറണാകുളത്ത് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് അടുത്ത മോഷണത്തിന് പദ്ധതിയിടുന്നതിനിടയിൽ നാലുപേർ പൊലീസ് പിടിയിൽ. കാലടി കൈപ്പട്ടൂർ അയ്യനാർക്കര വീട്ടിൽ മനോജ് (20), മറ്റൂർ പാറപ്പുറം എടനാ വീട്ടിൽ ഹരികൃഷ്ണൻ (20), മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ട് മോളയിൽ വീട്ടിൽ സീൻസോ (18) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. നിരവധി കേസുകളിൽ പ്രതികളായ മോഷ്ടാക്കളാണ് പിടിയിലായതെന്ന് ആലുവ പൊലീസ് അറിയിച്ചു.
ഈ മാസം ഒന്നാം തീയതിയാണ് ആലുവ യുസി കോളേജിന് സമീപം ശ്രീസായി എന്നയാളുടെ വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപ വില വരുന്ന ഡൊമിനോർ ബൈക്ക്, 76000 രൂപ, 38000 രൂപ എന്നിങ്ങനെ വിലവരുന്ന രണ്ട് ഫോണുകൾ എന്നിവ മോഷ്ടിക്കപ്പെട്ടത്. വീട്ടുകാർ ആലുവ പൊലീസിൽ പരാതി നൽകി. പൊലീസ് പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിച്ച രണ്ടുപേർ ഈ ബൈക്കുമായി കാലടി ഭാഗത്തേക്ക് പോകുന്നത് കണ്ടെത്തി. പിന്നീട് നമ്പർ പ്ലേറ്റ് മാറ്റിയ പൾസർ ബൈക്കുമായി രണ്ടുപേർ ഈ സംഘത്തിനൊപ്പം ചേരുന്നതും പൊലീസ് കണ്ടെത്തി.
മോഷ്ടിച്ച മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസിന്റെ വലയിലായത്. രാത്രി കാലങ്ങളിൽ ആലുവ മെട്രോ പാർക്കിങ്ങിൽ നിർത്തിയിടുന്ന വാഹനങ്ങൾ നേരത്തെ പ്രതികൾ മോഷ്ടിച്ചിട്ടുണ്ട്. പിടിയിലായവർക്കെതിരെ നേരത്തെയും ക്രിമിനൽ കേസുകളുണ്ടെന്ന് ആലുവ പൊലീസ് അറിയിച്ചു.