കെഎസ് ആർടിസി എന്ന സ്ഥാപനം നന്നാകണമെങ്കിൽ അതിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാവരും പണിയെടുക്കണം. ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി പിന്നെ ഒരിക്കലും നന്നാകില്ലെന്നും ബിജു പ്രഭാകർ
തിരുവനന്തപുരം : തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവിൽ. ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അവരുടെ അജണ്ടകൾ പലതും നടക്കില്ലെന്ന് തോന്നലാണ് തനിക്കെതിരെ തിരിയാനുള്ള കാരണമെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും പരിഹാരങ്ങളും ഇന്ന് മുതൽ അഞ്ച് ദിവസം ഫേസ് ബുക്കിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവിലെത്തിയത്.
'കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ഞാനുണ്ടാക്കിയതല്ല. കെഎസ് ആർടിസി എന്ന സ്ഥാപനം നന്നാകണമെങ്കിൽ അതിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാവരും പണിയെടുക്കണം. ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി പിന്നെ ഒരിക്കലും നന്നാകില്ലെന്നും ബിജു പ്രഭാകർ തുറന്നടിച്ചു. കെഎസ് ആർടിസിക്ക് വരുമാനമുണ്ടായിട്ടും ശമ്പളം നൽകുന്നില്ലെന്ന് പ്രചാരണം തെറ്റാണെന്നും യൂണിയനേക്കാൾ മുകളിൽ കുറെ പേർ പ്രവർത്തിക്കുന്നതാണ് യഥാർത്ഥ പ്രശ്നമെന്നും സിഎംഡി ആരോപിച്ചു. കെഎസ്ആർടിസി മാനേജ്മെന്റിനെ എതിർക്കുന്നവർ ഒരു ചായക്കട എങ്കിലും നടത്തി പരിചയമുള്ളവരാകണമെന്നും ബിജു പ്രഭാകർ പറഞ്ഞു.
കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് സിഎംഡിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് അനുകൂല സംഘടന ഇന്നലെ മാർച്ച് നടത്തിയിരുന്നു. എന്നാൽ തന്റെ വീഴ്ചയല്ല, ചില ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ശമ്പളം മുടങ്ങാൻ കാരണമെന്നായിരുന്നു സിഎംഡി ബിജു പ്രഭാകറിൻറെ പ്രതികരണം. പതിവായി ശമ്പളം മുടങ്ങിയതോടെ, വീടിന്‍റെ പടിവാതില്‍ വരെ സമരമെത്തിയ പശ്ചാത്തലത്തിൽ ഇനിയും തുടരാനില്ലെന്ന നിലപാടിലാണ് ബിജു പ്രഭാകര്‍. ആരോഗ്യകാരണം പറഞ്ഞ് അവധിയില്‍ പ്രവേശിക്കാനാണ് സിഎംഡിയുടെ നീക്കം. സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ബിജു പ്രഭാകർ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
'കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നും മാറ്റണം' ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യമുന്നയിച്ച് ബിജു പ്രഭാകർ

