കൊച്ചി ബ്ലാക് മെയിലിംഗ് കേസ്: ഒരു പ്രതിക്ക് കൊവിഡ്, കൂടുതൽ താരങ്ങളുടെ മൊഴിയെടുക്കും

By Web TeamFirst Published Jun 29, 2020, 5:59 PM IST
Highlights

നടൻ ധർമജനെയും മലയാളസിനിമയിലെ പ്രധാനപ്പെട്ട പ്രൊഡക്ഷൻ കൺട്രോളർമാരിൽ ഒരാളായ ഷാജി പട്ടിക്കരയെയും പൊലീസ് ചോദ്യം ചെയ്തു. ഷാജി പട്ടിക്കരയാണ് തന്‍റെ നമ്പർ ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതികൾക്ക് കൊടുത്തതെന്ന് ധർമജൻ ബോൾഗാട്ടി പറഞ്ഞിരുന്നു.

കൊച്ചി: നടി ഷംനാ കാസിമിനെയും മറ്റ് യുവമോഡലുകളെയും ഭീഷണിപ്പെടുത്തിയ കേസിൽ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിനിമയിലെ മേക്കപ്പ് മാനായ ഹാരിസിനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകുകയാണ്. കൊവിഡ് സ്ഥിരീകരിച്ച പ്രതി രോഗമുക്തനായ ശേഷമേ അറസ്റ്റ് രേഖപ്പെടുത്താനാകൂ. മറ്റ് പ്രതികളെയും നിരീക്ഷണത്തിൽ വിടേണ്ട സാഹചര്യമാണുള്ളത്. 

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് നടൻ ധർമജനെയും പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെയും പൊലീസ് ചോദ്യം ചെയ്തു. ഷാജി പട്ടിക്കരയാണ് തന്‍റെ നമ്പർ കേസിലെ പ്രതികൾക്ക് കൊടുത്തതെന്ന് നടൻ ധർമജൻ ബോൾഗാട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.

മുഖ്യപ്രതികളിൽ ഒരാളായ ഹാരിസ് പിടിയിലായതോടെയാണ് അന്വേഷണം സിനിമ മേഖലയിലെ കൂടുതൽ പേരിലേക്ക് എത്തുന്നത്. മേക്കപ്പ് മാനാണ് അറസ്റ്റിലായ ഹാരിസ്. പ്രതികളിൽ ഒരാളുടെ ഫോണിൽ നിന്നും ധർമ്മജന്‍റെ നമ്പർ കിട്ടിയിരുന്നു. ഇതേക്കുറിച്ച് കൂടുതൽ ചോദിക്കാൻ ആണ് ധർമജനെ കമ്മീഷണർ ഓഫീസിലേക്ക് വിളിപ്പിച്ചത്. 

പ്രതികൾ മൂന്ന് തവണ വിളിച്ചെന്നും, നടി മിയയെയും ഷംനയെയും പരിചയപ്പെടുത്തി കൊടുക്കാൻ ആവശ്യപ്പെട്ടെന്നും ധർമജൻ പറഞ്ഞു. താരങ്ങളെ ഉപയോഗിച്ച് സ്വർണം കടത്തുന്ന സംഘമാണെന്ന് പറഞ്ഞാണ് പ്രതികൾ വിളിച്ചത്. പല തവണ വിളിച്ചപ്പോൾ പോലീസിൽ പരാതിപ്പെടുമെന്ന് അറിയിച്ചതായും ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാൽ തട്ടിപ്പുകാരെപ്പറ്റി തനിക്ക് അറിയില്ലെന്നും അഷ്‌കർ അലി എന്ന് പരിചയപ്പെടുത്തിയ ആൾ ആണ് നമ്പർ വാങ്ങിയതെന്നും പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര വ്യക്തമാക്കി. ഇയാൾ സിനിമ നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനാൽ ആണ് നമ്പർ നൽകിയതെന്നും ഷാജി പട്ടിക്കര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ബ്ലാക്ക് മെയിൽ കേസിലെ തട്ടിപ്പിന്‍റെ ആസൂത്രണത്തിൽ ഹാരിസിന് മുഖ്യ പങ്കുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസ് തൃശ്ശൂർ സ്വദേശിയാണ്. തട്ടിപ്പ് സംഘത്തെയും ഷംന കാസിമിനെയും ബന്ധപ്പെടുത്തിയതിൽ ഇയാൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. ചില കാര്യങ്ങളിൽ പരാതിക്കാരിയിൽ നിന്നും വ്യക്തത വേണ്ടിവരുമെന്ന് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. ഹൈദരാബാദിലായിരുന്ന ഷംനാ കാസിം കൊച്ചിയിൽ തിരികെ എത്തിയിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ വീട്ടിൽ നിരീക്ഷണത്തിലാണ് ഷംനാ കാസിം. വീഡിയോ കോൺഫറൻസിംഗ് വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. ഷംന കാസിമിന്‍റെ അച്ഛൻ കാസിമിന്‍റെയും അമ്മ റൗല ബീവിയുടെയും മൊഴിയും ഇന്ന് വീണ്ടും രേഖപ്പെടുത്തുകയാണ്. 

എന്നാൽ തട്ടിപ്പിന് പിന്നിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇടനിലക്കാരുള്ളതായി അറയില്ലെന്നും ഷംനയുടെ അമ്മ റൗല ബീവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേസിൽ കൂടുതൽ യുവതികളെ ഇരകളാക്കിയെങ്കിലും പലരും പരാതിയുമായി മുന്നോട്ട് പോകാുന്നതിന് താൽപ്പര്യക്കുറവ് അറിയിക്കുന്നത് പൊലീസിന് തിരിച്ചടിയാകുന്നുണ്ട്. കുടുംബപരമായ പ്രശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല യുവതികളും പിൻമാറുന്നത്. ഈ പ്രതികളുമായി ബന്ധപ്പെട്ട് നിലവിൽ ഏഴ് കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. എട്ട് പ്രതികൾ അറസ്റ്റിലുമായി.

click me!