
കൊല്‍ക്കത്ത: ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച ഭാര്യയ്ക്കെതിരെ കേസെടുത്ത് പൊലീസ്. കൊല്‍ക്കത്ത ബിധാന്‍നഗര്‍ സ്വദേശിയായ 33 വയസ്സുകാരനാണ് ഭാര്യയുടെ ക്രൂര മര്‍ദനത്തിനിരയായത്. കഴിഞ്ഞ നാല് വർഷമായി ഭാര്യ തന്നെ ഉപദ്രവിക്കുന്നതായി ഇയാളുടെ പരാതിയിൽ പറയുന്നു. കൊല്‍ക്കത്തയിലെ ട്രെയിനിങ് പ്രൊഫഷണലായി ജോലി ചെയ്യുകയാണ് പ്രതിയായ യുവതി.
യുവതി ഇയാളെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ജൂണ്‍ അഞ്ചിന് നടന്ന സംഭവങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. ഭര്‍ത്താവിനെ മുഖത്ത് അടിക്കുകയും കൈ പിടിച്ച് തിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൂടാതെ അസഭ്യവാക്കുകളും യുവതി പറയുന്നത് ദൃശ്യത്തിലുണ്ട്.
തന്റെ പ്രായമായ മാതാപിതാക്കള്‍ ബന്ധുവീട്ടില്‍നിന്ന് തന്റെ വീട്ടിലേക്ക് വന്നതാണ് ഭാര്യയെ പ്രകോപിപ്പിച്ചതെന്നാണ് 33 കാരൻ മൊഴി നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡുമായി മാതാപിതാക്കൾ വന്നുവെന്ന് പറഞ്ഞാണ് വഴക്ക് തുടങ്ങിയത്. തുടര്‍ന്ന് മുഖത്തടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇനിയും ഭാര്യയുടെ ഉപദ്രവം താങ്ങാന്‍ കഴിയാത്തതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ഭാര്യയെ സന്തോഷിപ്പിക്കാന്‍ മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്നും ഇയാൾ പറയുന്നു.
അതേസമയം, സംഭവത്തില്‍ ജൂണ്‍ ആറിന് പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. പരാതി സ്വീകരിച്ചെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് ജൂണ്‍ 26 ന് വീണ്ടും പരാതി നല്‍കി. ഇതോടൊപ്പം വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, കേസില്‍ യുവതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഭർത്താവിന്റെ അഭിഭാഷകന്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam