കൂടത്തായി: കൂടത്തായി കൊലപാതകപരമ്പരയിൽ ജോളിയുടെ പുതിയ മൊഴി പുറത്ത്. രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണെ സ്വന്തമാക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താന്‍ ആഗ്രഹിച്ചത്. ജോൺസണുമായി വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നൽകി. രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നേരത്തെ ജോളി സമ്മതിച്ചിരുന്നു. 

ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോൺസൺ.  മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു.ആ സൗഹൃദത്തിലാണ്  ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ  ഉണ്ടായിരുന്നു . കൂടത്തായി കൊലപാതകപരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാൻ പോയിട്ടുണ്ടെന്നും പൊലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.  കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. 

Read More: ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാന്‍; രണ്ടു ദിവസം അവിടെ താമസിച്ചെന്നും പൊലീസ്

ഷാജുവും ജോളിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതിനാൽ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോൺസനെ വിവാഹം കഴിക്കാൻ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി  ജോൺസന്റെ ഭാര്യയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജോളിയുടെയും ജോൺസന്റെയും കുടുംബങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇവർ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലർന്ന ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാൽ ആണ് ജോൺസന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയിൽ പറയുന്നു. 

എന്നാൽ കൊലപാതകത്തിൽ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോൺസൺ നേരത്തെ പൊലീസിനെ അറിയിച്ചത്. ആറ് മണിക്കൂറിൽ അധികമെടുത്താണ് ജോൺസന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോൺസൺ ഫോണിൽ ദീർഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ കൊലപാതകങ്ങളിലടക്കം ജോൺസന് ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇനി കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങും. കോയമ്പത്തൂരിൽ പോയി തെളിവെടുക്കുന്നതടക്കം അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്.
 
തന്നെയും അപായപ്പെടുത്തുമോ എന്ന ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴികൾ ശരി വയ്ക്കുന്നതായി ജോളിയുടെ പുതിയ മൊഴി. ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു വ്യക്തമാക്കിയിരുന്നു.ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു...അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടിൽ നിർത്താതിരുന്നത്. ജോളിയെ പേടിച്ച് താമരശേരിയിലെ സ്കൂളിൽ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ആണ് ഷാജു അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. 

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍  ഭാര്യ ജോളിയെ തള്ളി  ഷാജു രംഗത്തെത്തിയിരുന്നു. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഉള്ളതെന്നും ആയിരുന്നു ഷാജുവിന്റെ വെളിപ്പെടുത്തൽ. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓർത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു വിശദീകരിച്ചിരുന്നു. 

Read More: കൂടത്തായി: അഞ്ച് കൊലപാതകങ്ങളും വിശദീകരിച്ച് ജോളി, കുട്ടിയുടെ കൊലപാതകം നിഷേധിച്ചു.

കൂടത്തായ് കൊലപാതക പരന്പരയിലെ കൊലപാതകങ്ങള്‍ നടപ്പാക്കിയ രീതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മറ്റ് 2 കൊലപാതകത്തിന് കൂടി പദ്ധതിയിട്ടിരുന്നതായുള്ള ജോളിയിടെ മൊഴിയും പുറത്തു വരുന്നത്.  
ഭര്‍ത്താവ് റോയ്‍യെയും ബന്ധുവായ മഞ്ചാടി മാത്യുവിനെയും ജോളി കൊലപ്പെടുത്തിയത് മദ്യത്തില്‍ വിഷം കലര്‍ത്തിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഭര്‍തൃ പിതാവ് ടോം തോമസിനെയും ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയെയും കൊലപ്പെടുത്തിയത് വൈറ്റമിന്‍ ക്യാപ്സ്യൂളില്‍ പൊട്ടാസ്യം സയനൈഡ് കലര്‍ത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ ഷാജുവിന്‍റെ കുഞ്ഞ് ആല്‍ഫൈനെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ജോളിയുടെ പ്രതികരണം.

വടകര റൂറല്‍ എസ്പി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ അന്നമ്മ ഒഴികെ മറ്റെല്ലാവരെയും കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് നല്‍കിയാണെന്ന് ജോളി അന്വേഷണ സംഘത്തിനു മുന്നില്‍ സമ്മതിച്ചിരുന്നു. തുര്‍ന്ന് ഇന്നലെ നടന്ന തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തോട് കൊലപാതക രീതി സംബന്ധിച്ച് ജോളി വിശദീകരിച്ചു. ഓരോ കൊലപാതകവും ജോളി നടത്തിയതായി അന്വേഷണ സംഘം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ആദ്യ കൊലപാതകം 2002ല്‍


ഭര്‍തൃമാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. പെരുച്ചാഴിയെ കൊല്ലാന്‍ കൊണ്ടുവന്ന വിഷമാണ് ഇതിന് ഉപയോഗിച്ചതെന്നും ജോളി സമ്മതിച്ചു. 

രണ്ടാമത്തെ കൊലപാതകം 2008ല്‍


ഭര്‍തൃപിതാവ് ടോം തോമസിനെ കൊലപ്പെടുത്തിയത് വൈറ്റമിൻ ക്യാപ്സ്യൂളിൽ പൊട്ടാസ്യം സയനൈഡ് നിറച്ച്. ഇതേ രീതിയില്‍ തന്നെയാണ് ഷാജുവിന്‍റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം പറയുന്നു. 

2011ലെ കൊലപാതകങ്ങൾ


ഭര്‍ത്താവ് റോയ് തോമസിനെയും ബന്ധുവായ മഞ്ചാടിയില്‍ മാത്യുവിനെയും കൊലപ്പെടുത്തിയത് മദ്യത്തില്‍ വിഷം ചേര്‍ത്താണ് അതേസമയം, ഷാജുവിന്‍റെ കുഞ്ഞ് ആല്‍ഫൈനെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്ന നിലപാടാണ് ചോദ്യം ചെയ്യലില്‍ ജോളി സ്വീകരിച്ചത്. എന്നാല്‍ ഷാജുവിന്‍റെ മൂത്ത മകന്‍റെ ആദ്യ കുര്‍ബാന ദിനം കുട്ടിയുടെ ഭക്ഷണത്തില്‍ ജോളി തന്ത്രപരമായി വിഷം ചേര്‍ക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. ഷാജുവിന്‍റെ സഹോദരിയായിരുന്നു കുട്ടിക്ക് ഭക്ഷണം കൊടുത്തത്. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത കാര്യം ഷാജുവിന്‍റെ സഹോദരി അറിഞ്ഞിരുന്നെല്ലും അന്വേഷണ സംഘം വ്യക്തമാക്കി

Read More: കൂടത്തായി കൊലപാതകങ്ങള്‍; തെളിവെടുപ്പില്‍ സയനൈഡ് കണ്ടെത്തി?

പ്രതികളുമായി പൊന്നാമറ്റം വീട്ടില്‍ ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ സയനൈഡെന്ന് സംശയിക്കുന്ന പൊടികണ്ടെത്തിയിരുന്നു. ജോളിയുടെ ബെഡ്റൂമിൽ  വായുഗുളിക കുപ്പിയിലായിരുന്നു വെളുത്ത തരിപോലെയുള്ള പൊടികണ്ടെത്തിയത് . ജോളി തന്നെയാണ് ഇതെടുത്ത് കൊടുത്തത്. കണ്ടെടുത്ത പൊടി പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് . കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളില്‍ ജോളിയടക്കമുള്ള മൂന്ന് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. പൊന്നാമറ്റം വീട്ടിലും മഞ്ചാടി മാത്യുവിന്‍റെ വീട്ടിലും പുലിക്കയത്തെ ഷാജുവിന്‍റെ വീട്ടിലും താമരശേരിയിൽ സിലി കൊല്ലപ്പെട്ട ദന്തല്‍ ക്ലിനിക്കിലും എന്‍ഐടി പരിസരത്തുമാണ് തെളിവെടുപ്പ് നടന്നത്. 

Read More: കൂടത്തായിയിലെ അഞ്ച് കൊലപാതകങ്ങളും മാത്യുവിന്‍റെ അറിവോടെ? വിശദമായ ചോദ്യം ചെയ്യലിന് പൊലീസ്

അതേസമയം കൂടത്തായി കൊലപാതകങ്ങളിലെ രണ്ടാം പ്രതിയായ മാത്യവിനെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അന്നമ്മയ്ക്ക് ശേഷം നടന്ന അഞ്ച കൊലപാതകങ്ങളും മാത്യുവിന് അറിയാമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രജുകുമാറിന്‍റെ കയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയാണ് മാത്യു ജോളിക്ക് നല്‍കിയത്. എന്നാല്‍ മാത്യുവിന് പ്രജുകുമാറുമായി ആറുവര്‍ഷത്തെ പരിചയം മാത്രമാണുള്ളതെന്ന് പൊലീസ് പറയുന്നു. ഇതോടെ ഇതിന് മുമ്പ് സയനൈഡ് എവിടെ നിന്ന് മാത്യുവിന് ലഭിച്ചെന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.  ഇതിനായി മാത്യുവിനെ വിശദമായി ചോദ്യംചെയ്യലിന് വിധേയമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.