വടകര: കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ കേസന്വേഷണം വലിയ വെല്ലുവിളിയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ. വിദഗ്‍ധരുടെ പങ്കാളിത്തം കേസിൽ ആവശ്യമായതിനാൽ കൂടുതൽ മിടുക്കരായ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിക്കും. വർഷങ്ങൾ നീണ്ട കൊലപാതകപരമ്പരയിൽ തെളിവ് ശേഖരണമാകും കേരളാ പൊലീസിന് മുന്നിൽ വലിയ വെല്ലുവിളിയാകുകയെന്നും ബെഹ്‍റ വ്യക്തമാക്കി. രാവിലെ പൊന്നാമറ്റം വീട്ടിൽ നേരിട്ടെത്തി ബെഹ്‍റ പരിശോധന നടത്തി.

ജോളിയെ ബെഹ്റ തന്നെ നേരിട്ട് ചോദ്യം ചെയ്യുമോ എന്നതുൾപ്പടെ കേസിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല. വിഷാംശത്തിന്‍റെ വിശദാംശങ്ങൾ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ അദ്ദേഹം ആവശ്യമെങ്കിൽ സാംപിളുകൾ വിദേശത്തേയ്ക്കും അയക്കുമെന്ന് ആവർത്തിച്ചു. ഏറ്റവും മിടുക്കരായ ഫൊറൻസിക് വിദഗ്‍ധരെക്കൊണ്ടാണ് സാംപിളുകൾ പരിശോധിപ്പിക്കുന്നത്. 

ആറ് കൊലപാതകങ്ങളും ആറ് കേസുകളായിത്തന്നെയാണ് അന്വേഷിക്കുക. ഓരോ കേസും അന്വേഷിച്ച് കൃത്യമായ തെളിവുകൾ ശേഖരിയ്ക്കണം. 17 വർഷങ്ങൾ മുമ്പാണ് ആദ്യ കൊലപാതകം നടന്നത്. അവസാന കൊലപാതകം 2016-ലും. കേസിൽ ദൃക്സാക്ഷികളുണ്ടാകില്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി കോർത്തെടുത്ത് കേസിൽ കുറ്റപത്രം തയ്യാറാക്കണം. ആറ് കേസുകൾക്കും ആറ് ടീമുകളുണ്ട്. അതിന് മേൽനോട്ടം വഹിക്കാൻ മറ്റൊരു ടീമും വേണം. എന്തായാലും നിലവിലുള്ള എണ്ണം മതിയാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ അംഗങ്ങളെ, അതും മിടുക്കരായ ഉദ്യോഗസ്ഥരെത്തന്നെ നിയോഗിക്കും - ബെഹ്‍റ പറഞ്ഞു. 

ഇത്തരം ഒരു കേസുണ്ടെന്ന് കണ്ടെത്തിയതിന്‍റെ ക്രെഡിറ്റ് എസ്‍പിക്ക് തന്നെയാണ്. ഇങ്ങനെ ഒരു കേസ് ഉണ്ടെന്ന് കണ്ടെത്തിയത് തന്നെ വലിയ ക്രെഡിറ്റാണ്. ഓരോ ഘട്ടത്തിലും വിശദാംശങ്ങൾ കണ്ടെത്തിയത് നേട്ടമായി. കോടതിയിൽ അത് മതിയാവില്ല. കൃത്യമായ വിവരങ്ങൾ വേണം. ജോളിയുടെ കസ്റ്റഡി കോടതി അനുവദിച്ചതിനാൽ പരമാവധി അവരിൽ നിന്ന് നേരിട്ട് വിവരങ്ങളെടുക്കാനാണ് ശ്രമിക്കുന്നത്. ആറ് കൊലപാതകങ്ങളിൽ ഇവരുടെ പങ്ക് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി ഇതിന് കൃത്യമായ തെളിവുകൾ ശേഖരിക്കണം. അതിനായി തീവ്രശ്രമങ്ങൾ നടത്തുമെന്നും ഡിജിപി വ്യക്തമാക്കി. 

Read more at: ഷാജുവിനെ കൊല്ലാൻ പദ്ധതിയിട്ടു, ജോൺസണെ വിവാഹം കഴിക്കാനെന്ന് ജോളിയുടെ മൊഴി