
കോഴിക്കോട്: കൊലപാതകങ്ങളെല്ലാം താൻ മാത്രമാണ് ചെയ്തതെന്നാണ് തുടർച്ചയായി ജോളി പൊലീസിനോട് പറയുന്നത്. തന്‍റെ ഇപ്പോഴത്തെ ഭർത്താവായ ഷാജു സ്കറിയയ്ക്ക് ഇതിൽ പങ്കില്ലെന്ന് ജോളി ആവർത്തിക്കുന്നു. ജോളിയുടെ ഭർതൃപിതാവ് ടോം തോമസിന്‍റെ സഹോദരന്‍റെ മകനാണ് ഷാജു സ്കറിയ. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു. എന്നാല്‍ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്. എല്ലാ സാധ്യതകളും ചികഞ്ഞ് ജോളിയുടെ മൊഴിയിലെ സത്യവും അസത്യവും അതത് സമയങ്ങളില്‍ പരിശോധിച്ചാണ് പൊലീസിന്‍റെ അന്വേഷണം.
2016-ലാണ് സിലി മരിക്കുന്നത്. ഇതിന് ശേഷം ജോളിയെ ഷാജു വിവാഹം കഴിക്കുകയായിരുന്നു. അതായത് ഭാര്യയും പത്ത് മാസം പ്രായമുള്ള കുഞ്ഞും മരിച്ച് ഒരു വർഷവും ഒരു മാസവും കഴിഞ്ഞ ശേഷം 2017-ൽ ഷാജുവും ജോളിയും വിവാഹിതരായി. ഇവര്‍ തമ്മിലുള്ള ബന്ധവും കൊലയിലേക്ക് നയിച്ചത് സ്വത്ത് മോഹം മാത്രമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജോളിയ്ക്ക് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരൻ മാത്യു അകന്ന ബന്ധുവാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ കൊലപാതകങ്ങളെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യത്തിൽ വിശദമായ വിവരങ്ങൾ ഇനിയും പൊലീസ് പുറത്തുവിട്ടിട്ടില്ല. താമരശ്ശേരിയിൽ നിന്ന് വടകര റൂറൽ എസ്‍പി ഓഫീസിൽ ജോളിയ്ക്ക് പിന്നാലെ ജ്വല്ലറി ജീവനക്കാരനെയും പൊലീസ് എത്തിച്ചു. ''നിങ്ങൾ പറഞ്ഞ ആ അയാൾ ഇത് തന്നെയാണോ'' എന്ന് ജോളിയോട് പൊലീസ് ചോദിച്ചു. ''അതെ'' എന്ന് മാത്രം ഒറ്റ വാക്കിൽ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam