പ്രണയിച്ച് വിവാഹം ചെയ്തവർക്കെതിരെ കൊയിലാണ്ടിയിൽ ഗുണ്ടാ ആക്രമണം - വീഡിയോ

By Web TeamFirst Published Dec 4, 2020, 3:37 PM IST
Highlights

ആറംഗസംഘം ആക്രമണം നടത്തിയത് വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച്. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചു തകർത്താണ് ആക്രമണം നടത്തിയത്. ദൃശ്യങ്ങൾ...

കോഴിക്കോട്: കൊയിലാണ്ടിയിൽ പട്ടാപ്പകൽ പ്രണയിച്ച് വിവാഹം ചെയ്തവർക്കെതിരെ ഗുണ്ടാ ആക്രമണം. കാർ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്. ഗുണ്ടാസംഘത്തിന്‍റെ പക്കൽ വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചുതകർത്ത ഗുണ്ടകൾ പട്ടാപ്പകൽ അവരെ വഴിയിൽ വച്ച് ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. 

കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ബന്ധുക്കളുടെ കടുത്ത എതിർപ്പിന്‍റെ പശ്ചാത്തലത്തിൽ റജിസ്റ്റർ വിവാഹമായിരുന്നു നടത്തിയത്. ആ യുവാവിനെ പെൺകുട്ടിയുടെ അമ്മാവൻമാരായ കബീർ, മൻസൂർ എന്നിവരാണ് വീട്ടിൽ കയറി വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപിച്ചത്. നാട്ടുകാർ പലരും നോക്കി നിൽക്കവേയാണ് യുവാവിനെ ഇവർ വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയും വരൻ സഞ്ചരിച്ച കാർ അടിച്ചുതകർക്കുകയും ചെയ്തത്.

നാട്ടുകാർ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്‍റെയും സുഹൃത്തുക്കളുടെയും ജീവൻ നഷ്ടമാകാതെ പോയതെന്ന് പ്രദേശവാസികൾ തന്നെ പറയുന്നു. പെൺകുട്ടിയുടെ അമ്മാവൻമാരായ കബീർ, മൻസൂർ എന്നിവർ വരനും മറ്റ് മൂന്ന് സുഹൃത്തുക്കളും സ‌ഞ്ചരിച്ച കാർ ത‍ടഞ്ഞ് മുൻവശത്തെ ചില്ല് തല്ലിപ്പൊളിച്ചു. കയ്യിൽ വടിവാളുമായാണ് ഇവർ സ്വാലിഹിനെ വഴിവക്കിൽ കാത്തുനിന്നത്. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരിൽച്ചിലരെത്തി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ വണ്ടിയുടെ വശങ്ങളിലെ ചില്ലുകളും തല്ലിപ്പൊളിച്ച് അകത്തിരിക്കുന്നവരെ ആക്രമിക്കാൻ ശ്രമിക്കുന്നു. അകത്തിരിക്കുന്ന സ്വാലിഹ് ഉൾപ്പടെയുള്ളവർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കി കാർ മുന്നോട്ടെടുക്കാൻ ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനിടയിൽ പിന്നിലെ ചില്ലും ഇവ‍ർ തല്ലിത്തകർത്തു. 

കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെത്തന്നെയാണ് ഇവർ കാർ തടഞ്ഞുനിർത്തി ആക്രമിക്കുന്നതെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിൽ ഇന്നലെ പരാതി നൽകിയിട്ടും പൊലീസ് വ്യക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ തന്നെ ആരോപിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അക്രമികൾക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറൽ എസ്പി ഡോ. ശ്രീനിവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തത്സമയം കാണാം:

click me!