
കണ്ണൂര്‍: കണ്ണൂരിൽ പൊലീസ് വാഹനവും ബാരിക്കേഡുകളും തകർത്ത് 25 കിലോമീറ്ററിലധികം ലോറിയുടെ മരണപ്പാച്ചിൽ. നിരവധി വാഹനങ്ങൾ റോഡിന് കുറുകെയിട്ടാണ് ജില്ലാ അതിർത്തിയിൽ പൊലീസ് ലോറി തടഞ്ഞ് ഡ്രൈവറെ പിടികൂടിയത്. ഇതിനിടയിൽ ലോറി തടയാൻ ശ്രമിച്ച കണ്ണവം പൊലീസിന്റെ വാഹനവും ഡ്രൈവർ ഇടിച്ചു തെറിപ്പിച്ചിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം. ഹോട്ട്സ്പോട്ട് മേഖലയായ മുര്യാട് ലോറിയുമായി ഒരാൾ കറങ്ങുന്നുണ്ടെന്ന് കൂത്തുപറമ്പ് പൊലീസിന് വിവരം കിട്ടി. സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവർ ദീപുമോനോട് ലോറി സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെട്ടു. പൊലീസ് വാഹനത്തിന് മുമ്പിൽ പോയ ദീപുമോന് പക്ഷെ പാലത്തുങ്കര ജങ്ഷനിലെത്തിയപ്പോൾ മട്ടുമാറി.
വഴിമാറി അതിവേഗത്തിൽ നിടുംപൊയിൽ ഭാഗത്തേക്ക്. അമ്പരന്ന പൊലീസ് സംഘം പിന്നാലെ. തൊക്കിലങ്ങാടിയിൽ വച്ച് റോഡരികിലുണ്ടായിരുന്ന കാറ് പറമ്പിലേക്ക് ഇടിച്ചുതെറിപ്പിച്ചു. അടിയന്തര സന്ദേശം കിട്ടി ലോറി തടയാൻ കാത്തിരുന്ന കണ്ണവം പൊലീസിന്റെ വാഹനവും ലോറി ഇടിച്ചു തെറിപ്പിച്ചു. വഴിയിൽ പിന്നീടുണ്ടായ ബാരിക്കേഡുകളെല്ലാം തകർത്ത് ലോറി മുന്നോട്ട്.
പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. കണ്ണവം, പേരാവൂർ സ്റ്റേഷനിലെ പൊലീസ് വാഹനങ്ങളും ലോറിയെ പിന്തുടർന്നു. ഒടുവിൽ കണ്ണൂർ വയനാട് അതിർത്തിയായ നെടുംപൊയിൽ ചെക്ക്പോസ്റ്റിൽ വച്ചാണ് ലോറിയുടെ മരണപ്പാച്ചിൽ അവസാനിച്ചത്.
മുഴക്കുന്ന് പൊലീസ് റോഡിന് കുറുകെ നിരവധി വാഹനങ്ങൾ നിർത്തിയിട്ട് ലോറി തടഞ്ഞു. ഡ്രൈവർ ദീപുമോൻ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വധശ്രമം പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam