
കോഴിക്കോട്: പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയ ശേഷം ചീട്ടുകളിയിലും ഒറ്റ നമ്പർ ലോട്ടറിയിലുമായി പണം നഷ്ടമായതിന് പിന്നാലെ മോഷണത്തിനിറങ്ങിയ യുവാവ് പിടിയില്‍. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബു (43) വിനെയാണ് കോഴിക്കോട് ജില്ല സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ പൊലീസും ചേർന്ന് കസ്റ്റഡിയിൽ എടുത്തത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി മാല പിടിച്ച് പറിച്ചു കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. പുതിയാപ്പ ഹയർ സെക്കണ്ടറി സ്കൂളിന് പിറകു വശത്തെ ഇടവഴിയിലൂടെ മകൻ്റെ കുട്ടിയെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ടുവരാൻ പോകുകയായിരുന്ന ചെറുപുരയ്ക്കൽ ഊർമിളയുടെ മൂന്നര പവർ സ്വർണ്ണമാലയാണ് മോഷണം പോയത്.
പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ സബ് ഇൻസ്‌പെക്ടർ യു സനീഷിന്‍റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും കവർച്ച നടത്തിയ ആളുടെ അവ്യക്ത രൂപവും കവർച്ച നടത്തിയ ആൾ വന്നത് ഗ്ലാമർ ബൈക്കിലാണെന്നുമുള്ള ദൃശ്യം ലഭിക്കുകയും ചെയ്തു.തുടർന്ന് ഇയാളുടെ യാത്രയിലുള്ള നൂറ്റി അമ്പതോളം സിസിടിവി ദൃശ്യങ്ങൾ അറുപതോളം കിലോമീറ്റർ യാത്ര ചെയ്ത് പരിശോധിക്കുകയും ആയിരത്തി അഞ്ഞൂറോളം ഗ്ലാമർ ബൈക്കുകളുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്ന് പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. പൊലീസിന്‍റെ രഹസ്യ നിരീക്ഷണത്തിലുള്ള സുരേഷ് ബാബു നിരന്തരം ജില്ലയുടെ പല ഭാഗങ്ങളിലും കറങ്ങി നടന്നിരുന്ന ശാസ്ത്രീയ തെളിവുകളും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ കോഴിക്കോട് ബീച്ച് ഭാഗങ്ങളിൽ യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പൊലീസ് വാഹന പരിശോധനക്കിടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെള്ളയിൽ ഇൻസ്പെക്ടർ ബാബുരാജിൻ്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഈ കവർച്ച കൂടാതെ നിരവധി കവർച്ച ശ്രമങ്ങൾ നടത്തിയിരുന്നതായും കവർച്ച നടത്തിയ സ്വർണ്ണമാല വിറ്റതായും സുരേഷ് സമ്മതിച്ചു. പ്രവാസ ജീവിതം നയിച്ചിരുന്ന സുരേഷ് ബാബു നാട്ടിലെത്തി ആശാരിപണി ചെയ്തു വരികയായിരുന്നു.ഇതിനിടെ ചീട്ടുകളിയിലും ഒറ്റ നമ്പർ ലോട്ടറിയിലുമായി കൈയ്യിലുണ്ടായിരുന്ന കാശെല്ലാം നഷ്ടമായപ്പോൾ പലിശക്ക് കടം വാങ്ങി കളി തുടരുകയായിരുന്നു.എല്ലാം നഷ്ടമായപ്പോൾ കവർച്ചയിലേക്ക് നീങ്ങുകയായിരുന്നു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ.കെ അർജുൻ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അരുൺ വി.ആർ, സീനിയർ സിപിഒ ജയേഷ് സൈബർ സെല്ലിലെ സ്കൈലേഷ് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam