
തൃശൂർ: എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പൊയ്യ സ്വദേശി അക്ഷയ് (25 )യിനെയാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. 2021 ഡിസംബർ 17നാണ് കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും പ്രതിയുടെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.
കഞ്ചാവും ഗുളിക രൂപത്തിലുള്ള 10.16 ഗ്രാം എംഡിഎംഎ, സ്റ്റാമ്പ് രൂപത്തിൽ രണ്ട് ഗ്രാം എൽഎസ്‍ഡി, ക്രിസ്റ്റൽ രൂപത്തിലുള്ള 6.17 ഗ്രാം മെറ്റാഫെറ്റമിൽ എന്നീ നിരോധിത ലഹരി മരുന്നുകളാണ് കണ്ടെത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ മാരായ കെ ബി സുനിൽ കുമാർ, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി. അതേസമയം, മാരക ലഹരി മരുന്നായ എംഡിഎംഎ മൊത്തവിൽപന നടത്തി വന്ന പ്രധാന പ്രതി പിടിയിൽ ആലപ്പുഴയിൽ പിടിയിലായിരുന്നു.
ആലപ്പുഴ മണ്ണഞ്ചേരി തോട്ടുചിറ നസീറാണ്(42) പിടിയിലായത്. കഴിഞ്ഞദിവസം എം ഡി എം എയുമായി പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് തൈപ്പറമ്പ് വീട്ടിൽ രാജേഷ് (45), ആലപ്പുഴ ഇരവുകാട് വാർഡ് വാലുചിറയിൽ പ്രദീപ് (45) എന്നിവരെ പുന്നപ്ര സി. ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മയക്ക് മരുന്ന് എത്തിക്കുന്ന നസീറിനെ കുറിച്ച് വിവരങ്ങൾ കിട്ടിയത്. ഉത്സവ സ്ഥലങ്ങളിലും മറ്റും ഐസ്ക്രീം, തുണിത്തരങ്ങൾ എന്നിവ വിൽപന നടത്തി അതിന്റ മറവിലാണ് എം ഡി എം എ മൊത്തവിൽപന നടത്തിവന്നത്.
എറണാകുളം ഇടപ്പള്ളിയിലും മണ്ണഞ്ചേരിയിലുമായി ഇയാൾക്ക് രണ്ട് വീടുണ്ട്. മണ്ണഞ്ചേരിയിൽ എത്തിയ വിവരമറിഞ്ഞാണ് പൊലീസ് പിടികൂടിയത്. ഇയാളിൽനിന്നും എം ഡി എം എ കണ്ടെത്താനായില്ല. ജില്ല പൊലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദേശ പ്രകാരം അമ്പലപ്പുഴ ഡി. വൈ. എസ്. പി ബിജു. വി. നായരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. നസീറാണ് അന്തർസംസ്ഥാനങ്ങളിൽനിന്നും എം ഡി എം എ കൊണ്ടുവന്ന് വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; 49 കാരൻ റിമാന്‍ഡില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam