
തിരുവനന്തപുരം: മലപ്പുറത്തെ മോർഫിംഗ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിൻ ബാബുവാണ് പിടിയിലായത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തി പിടികൂടുകയായിരുന്നു. ഇവർ സർവീസ് പ്രൊവൈഡർമാരിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചിരുന്നു. മെറ്റയോട് അടക്കം ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് ഇയാളാണെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ മൊബൈൽ ടെക്നീഷ്യനാണ് 26കാരനായ സുബിൻ ബാബു. ജോലി കുറവായതിനാൽ ഇയാൾ വീട്ടിലാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് വ്യാജ അക്കൗണ്ടുകളുണ്ടാക്കി മലബാർ മേഖല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥിനികളുടെ അക്കൗണ്ടുകൾ ഇൻസ്റ്റഗ്രാമിൽ കണ്ടെത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. സാമ്പത്തിക നേട്ടത്തിനായിട്ടാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
പ്രതിയെ നാളെത്തന്നെ മലപ്പുറം സിജെഎം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ താനല്ല മോർഫ് ചെയ്തതെന്നും മറ്റൊരാൾ തനിക്ക് പണമുണ്ടാക്കാൻ വേണ്ടി ചിത്രങ്ങൾ നൽകിയതാണെന്നുമാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. പിന്നീടാണ് കുറ്റം സമ്മതിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ 12ഓളം കോളേജുകളിൽ നിന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam