ഉത്തർപ്രദേശിലെ കൗശാംബിയിൽ പ്രിയങ്ക യാദവ് എന്ന 25-കാരിയായ വനിതാ കോൺസ്റ്റബിൾ പോലീസ് സ്റ്റേഷനിൽ വെച്ച് സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് മരിച്ചു.

ലക്നൌ: പൊലീസ് സ്റ്റേഷനിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ കൗശാംബി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. പ്രിയങ്ക യാദവ് എന്ന 25കാരിയായ വനിതാ കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. മാൻജാൻപൂരിലെ പൊലീസ് സ്റ്റേഷനിലായിരുന്നു പ്രിയങ്ക ഡ്യൂട്ടി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്നവർ പ്രിയങ്കയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2025 ബാച്ച് വനിതാ കോൺസ്റ്റബിളാണ് പ്രിയങ്ക യാദവ്. സർക്കാർ അനുവദിച്ച ഇൻസാസ് റൈഫിളായിരുന്നു സംഭവ സമയത്ത് പ്രിയങ്കയുടെ അടുത്തുണ്ടായിരുന്നത്. ഗാസിപൂരിലെ പ്രിയങ്കയുടെ കുടുംബത്തെ വിവരം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രിയങ്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

സംഭവം അറിഞ്ഞതിനെത്തുടർന്ന് സൂപ്രണ്ട് ഓഫ് പോലീസ് സത്യനാരായൺ പ്രജാപത്, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അമിതാ സിംഗ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയും തുടർന്ന് സംഭവം നടന്ന പോലീസ് സ്റ്റേഷനും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പോലീസ് സ്റ്റേഷനിലെ സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രിയങ്കയുടെ മൊബൈൽ ഫോണും സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഈ മരണത്തിൽ ദുരൂഹതകളോ അപകട സാധ്യതകളോ ഉണ്ടോ എന്ന് ഉൾപ്പെടെ എല്ലാ വശങ്ങളും അന്വേഷിക്കുന്നതിനായി മൻഝൻപൂർ സർക്കിൾ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും സൂപ്രണ്ട് ഓഫ് പോലീസ് വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം ഫലവും പുറത്തുവന്നതിനുശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം