അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. യുവതിയെ തലയ്ക്ക് വെട്ടിയും നാല് വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള യുവതിയെ തലയ്ക്ക് വെട്ടിയാണ് കൊലപ്പെടുത്തിയതെന്നും നാല് വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇരുവരുടെയും കഴുത്ത് അറുത്ത് മാറ്റിയ ശേഷം ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കി. പ്രതിയായ യുവതിയുടെ ജീവിതപങ്കാളിക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. പ്രതി കേരളം വിട്ടതായാണ് സൂചന.
ഞായറാഴ്ച അട്ടപ്പാടി ഭവാനിപ്പുഴയിലാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങൾ മറ്റ് രണ്ടു ചാക്കുകളിലുമായിരുന്നു പുഴയിൽ എറിഞ്ഞത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുതൂർ പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
മൃതദേഹങ്ങൾ കണ്ടെത്തിയ ചാക്കുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അട്ടപ്പാടിയിലെ ഒരു കടയിൽ നിന്നാണ് ഇത് വാങ്ങിയതെന്നും കോയമ്പത്തൂരിൽനിന്ന് സാധനങ്ങൾ കൊണ്ടുവന്നതാണെന്നും കണ്ടെത്തി. കടയുടമ ചോദ്യചെയ്തതിൽനിന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളി ആണ് ചാക്കുകൾ വാങ്ങിയതെന്നും തിരിച്ചറിഞ്ഞു. 20 ദിവസം മുമ്പാണ് കുടുംബം അട്ടപ്പാടിയിൽ എത്തിയത്. ഭാര്യയോടുള്ള സംശയമാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.


