
ബെംഗളൂരു: വ്യാജ ആപ്പുകൾ നിർമിച്ച് കോടികളുടെ നിക്ഷേപം സ്വീകരിച്ച് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ മലയാളിയും സംഘവും പിടിയില്‍. മലയാളിയായ അനസ് അഹമ്മദും ചൈന, ടിബറ്റ് സ്വദേശികളുമടക്കം 9 പേരാണ് ബെംഗളൂരു പോലീസിന്‍റെ സൈബർ ക്രൈംവിഭാഗം പിടിയിലായത്. ഇയാളുടെ അക്കൗണ്ടിലേക്ക് 290 കോടി രൂപ എത്തിയെന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
വിവിധ ഷെല്‍ കമ്പനികൾ രൂപീകരിച്ച് പവർബാങ്ക്, സൺ ഫാക്ടറി എന്നീ ആപ്പുകൾ വഴിയാണ് സംഘം നിക്ഷേപം സ്വീകരിച്ചിരുന്നത്. ആഴ്ച കൂടുമ്പോൾ നല്ല പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മാസങ്ങൾക്കകം ആപ്പുകൾ പ്ലേസ്റ്റോറില്‍നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. മലയാളിയായ അനസ് അഹമ്മദ്, രണ്ട് ചൈനീസ് സ്വദേശികൾ, രണ്ട് ടിബറ്റ് സ്വദേശികൾ എന്നിവരടക്കം 9 പേരാണ് പിടിയിലായത്. ദില്ലി, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ വർഷം നവംബർ മുതല്‍ പ്രവർത്തനമാരംഭിച്ച ഇവരുടെ അക്കൗണ്ടുകളിലേക്ക് 290 കോടി രൂപയുടെ നിക്ഷേപമെത്തിയതായി പോലീസ് കണ്ടെത്തി. അക്കൗണ്ടുകൾ പോലീസ് ഏറ്റെടുത്ത് മരവിപ്പിച്ചിട്ടുണ്ട്.
കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനസ് അഹമ്മദാണ് തട്ടിപ്പിന്‍റെ സൂത്രധാരനെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാൾക്ക് ചൈന കേന്ദ്രീകരിച്ചുള്ള ഹവാല റാക്കറ്റുമായി നേരിട്ടു ബന്ധമുണ്ട്. ചൈനയില്‍ പഠിച്ച് ചൈനീസ് സ്വദേശിനിയെ ഇയാൾ വിവാഹം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പണം നിക്ഷേപിച്ചവർ രേഖകൾ സഹിതം ബെംഗളൂരു പോലീസുമായി ബന്ധപ്പെടാനും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam