
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വീട്ടിൽ ആരുമറിയാതെ മതിൽ ചാടിക്കടന്ന് ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം നഗര പരിധിയിലെ ശാസ്തമംഗലം ശ്രീരംഗം ലെയ്നിലെ വീട്ടിലെ മതിൽ ചാടിക്കടന്ന് ശുചിമുറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മേഴ്സിൻ ജോസാണ് പിടിയിലായത്. മാർത്താണ്ഡം സ്വദേശിയായ മേഴ്സിൻ ജോസിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വീടിനുള്ളിൽ ചാടികടന്ന് ശുചിമുറിയുടെ എയർഹോളിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ രക്ഷപ്പെടാൻ ശ്രമിച്ച മേഴ്സിൻ ജോസിനെ പരിസരവാസികൾ പിന്തുടർന്ന് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരം നഗരത്തിൽ നിന്ന് ഇന്ന് പുറത്ത് വന്ന മറ്റൊരു വാർത്ത നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ എത്തി നഗ്നതാപ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിലായി എന്നതാണ്. വട്ടിയൂർക്കാവ് മൂന്നാംമൂട് താമസിക്കുന്ന ഓട്ടോ ഡ്രൈവർ മുത്തുരാജിനെ മ്യൂസിയം പൊലീസ് ആണ് പിടികൂടിയത്. അടിക്കടി രാത്രി സമയങ്ങളിൽ കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തുന്ന മുത്തുരാജ് നഗ്നത പ്രദർശനം നടത്താറുണ്ട് എന്നാണ് പരാതി ഉയർന്നത്. ഇക്കാര്യം അന്വഷണത്തിൽ വ്യക്തമായിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഈ ഞായറാഴ്ച രാത്രിയും ഇത്തരത്തിൽ മുത്തുരാജ് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ എത്തി ഉടുവസ്ത്രം മാറ്റി നഗ്നതാപ്രദർശനം നടത്തിയിരുന്നു. ഇതോടെ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾ മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ആളെ തിരിച്ചറിയുന്നത്. ഇന്ന് രാവിലെയോടെ ഇയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നഗരത്തിൽ യുവതികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്നുണ്ടെങ്കിലും പൊലീസ് പട്രോളിങ് കാര്യക്ഷമം അല്ല എന്ന ആക്ഷേപം ഉണ്ട്.