തിരുവനന്തപുരത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തി ഉടുമുണ്ടുരിയുന്നത് പതിവ്, ഒടുവിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ
തിരുവനന്തപുരം: നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ എത്തി നഗ്നതാപ്രദര്‍ശനം നടത്തുന്ന ഓട്ടോഡ്രൈവർ പിടിയില്‍. വട്ടിയൂർക്കാവ് മൂന്നാംമൂട് താമസിക്കുന്ന ഓട്ടോ ഡ്രൈവറുമായ മുത്തുരാജിനെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്.
അടിക്കടി രാത്രി സമയങ്ങളിൽ കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തുന്ന മുത്തുരാജ് നഗ്നത പ്രദർശനം നടത്താറുണ്ട് എന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയും ഇത്തരത്തിൽ മുത്തുരാജ് ഹോസ്റ്റലിന് മുന്നിൽ എത്തി ഉടുവസ്ത്രം മാറ്റി നഗ്നതാപ്രദർശനം നടത്തിയിരുന്നു.
ഇതോടെ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾ മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ആളെ തിരിച്ചറിയുന്നത്. ഇന്ന് രാവിലെയോടെ ഇയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നഗരത്തിൽ യുവതികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്നുണ്ടെങ്കിലും പൊലീസ് പട്രോളിങ് കാര്യക്ഷമം അല്ല എന്ന ആക്ഷേപം ഉണ്ട്. പ്രധാന റോഡുകളിൽ മാത്രം വാഹന പരിശോധനയും റോന്ത് ചുറ്റലും നടത്തുന്ന പൊലീസ് സംഘം ഉൾ റോഡുകളിലേക്ക് കയറാറില്ല എന്ന ആക്ഷേപം ഉണ്ട്.
