പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം എടുത്തുമാറ്റാൻ നാട്ടുകാരും ജഗന്‍റെ ബന്ധുക്കളും ആദ്യം അനുവദിച്ചില്ല

കൃഷ്ണഗിരി: മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്‍റെ പകയിൽ നവ വരനോട് ഭാര്യാപിതാവിന്‍റെ കൊടും ക്രൂരത. ഭാര്യ പിതാവും ബന്ധുക്കളും ചേർന്ന് നവ വരനായ യുവാവിനെ വെട്ടിക്കൊന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗൻ ആണ് ഭാര്യാ പിതാവിന്‍റെ പകയിൽ ജീവൻ നഷ്ടമായത്. ജോലി കഴിഞ്ഞ് ബൈക്കിൽ പോവുകയായിരുന്ന ജഗനെ വഴിയിൽ തടഞ്ഞ് നിർത്തിയാണ് ഭാര്യ പിതാവും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്.

വിവാഹിതയായ മകൾ, 22 കാരി യുവാവിനൊപ്പം ഒളിച്ചോടി, പിന്നാലെ അച്ഛന്‍റെയും സഹോദരങ്ങളുടെയും ക്രൂരത; അറസ്റ്റ്

സംഭവം ഇങ്ങനെ

തമിഴ്നാട്ടിലെ കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗനും അവദാനപ്പട്ടിക്കടുത്ത് തുലക്കൻ കോട്ട സ്വദേശിയായ ശരണ്യയും ഒരു മാസം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ശരണ്യയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ജഗൻ ശരണ്യയുടെ മാതാപിതാക്കളെ പലവട്ടം സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഒടുവിൽ ഇവരുടെ സമ്മതമില്ലാതെ ഒളിച്ചോടിയായിരുന്നു വിവാഹം നടത്തിയത്. ഇതോടെ ജഗനോട് കടുത്ത പകയിലായ ഭാര്യാപിതാവ് ശങ്കറിന്‍റെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. ടൈൽസ് പണിക്കാരനായ ജഗൻ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്ന വഴിയിൽ ആയുധങ്ങളുമായി കാത്തുനിന്ന ശങ്കറും സംഘവും ആക്രമിക്കുകയായിരുന്നു. കെ ആർ പി അണക്കെട്ടിന് സമീപം കാത്തുനിന്ന അക്രമികൾ ജഗനെ തടഞ്ഞുനിർത്തി നിരവധി തവണ കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയത്. കൂട്ടുപ്രതികളും ശങ്കറിന്‍റെ ബന്ധുക്കൾ തന്നെയാണ്. കൊലയ്ക്ക് ശേഷം ഇവർ ഓടി രക്ഷപ്പെട്ടു.

കാവേരിപട്ടണം പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം എടുത്തുമാറ്റാൻ നാട്ടുകാരും ജഗന്‍റെ ബന്ധുക്കളും അനുവദിച്ചില്ല. കൊലയാളികളെ പിടികൂടാതെ മൃതദേഹം നീക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്. കൃഷ്ണഗിരി എസ്‍ പി സരോജ് കുമാർ ഠാക്കൂർ, ഡി എസ് പി തമിഴരസി എന്നിവരെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് എസ് പിയും ഡി എസ് പിയും വ്യക്തമാക്കുകയും ചെയ്തു.

YouTube video player