Latest Videos

തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; രണ്ട് കിലോ കഞ്ചാവുമായി പാലക്കാട്‌ സ്വദേശി അറസ്റ്റിൽ

By Web TeamFirst Published Aug 1, 2022, 6:27 PM IST
Highlights

തച്ചമ്പാറ,  കാരാകുറുശ്ശി കേന്ദ്രീകരിച്ച് സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വില്പന വ്യാപകമാണെന്ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു.

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട തുടരുന്നു. ആര്‍പിഎഫും എക്സൈസ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും നടത്തിയ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍.  തച്ചമ്പാറ കാരാകുറുശ്ശി വാഴേമ്പുറം സ്വദേശി പാറശ്ശേരി വീട്ടിൽ ഹംസ മകൻ ഷാനവാസിനെ (40) ആണ് രണ്ട് കിലോ 400  ഗ്രാം കഞ്ചാവുമായി പിടികൂടിയത്. 

തച്ചമ്പാറ,  കാരാകുറുശ്ശി കേന്ദ്രീകരിച്ച് സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വില്പന വ്യാപകമാണെന്ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എക്സൈസിന്   ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന ആളെ കുറിച്ചുള്ള വിവരം  ലഭിച്ചത്. തുടര്‍ന്ന്  എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും  പാലക്കാട് ആർ പി എഫ്ഉം സൈബർ സെല്ലും സംയുക്തമായി നടത്തിയ വിദഗ്ധമായ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. 

ഷോൾഡർ ബാഗിൽ തുണികൾക്കുള്ളിൽ  ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഷാനവാസ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് വാങ്ങി  ട്രെയിനിൽ വിജയവാഡയിലാണ് ഷാനവാസ് ആദ്യം എത്തിയത്.  അവിടെ നിന്ന്  കേരള എക്സ് പ്രസിൽ  കോയമ്പത്തൂരിൽ ഇറങ്ങി. പിന്നീട് കോയമ്പത്തൂർ - കണ്ണൂർ പാസഞ്ചറിൽ കയറി പാലക്കാട്‌   റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. സ്റ്റേഷനില്‍ നിന്നും  തച്ചമ്പാറയിലേക്ക് പോകുന്നതിനായി പുറത്തിറങ്ങിയ പ്രതിയെ എക്സൈസും ആര്‍പിഎഫും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.

മറ്റു ജില്ലകളിൽ  ഷാനവാസിനെതിരെ സമാനമായ കേസുകളുണ്ടോ എന്നും കഞ്ചാവ് കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്.    എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച്  റെയിൽവേസ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്ന് ആര്‍പിഎഫ് കമാന്‍റന്‍റ് ജെതിന്‍ ബി രാജ് പറഞ്ഞു.  ആര്‍പിഎഫ് ഇൻസ്‌പെക്ടർ സൂരജ്  എസ് കുമാർ, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെആര്‍ അജിത്,  ആര്‍പിഎഫ് എസ്ഐ രമേഷ് കുമാർ, എഎസ്ഐ സജി അഗസ്റ്റിൻ, എക്സൈസ് പ്രിവന്റീവ് ഓഫിസർ  ടിജെ അരുൺ , സിഇഒ, മാരായ  ശരവണൻ, ബെൻസൺ ജോർജ്, വിജേഷ് കുമാർ. ആര്‍പിഎഫ് വുമണ്‍ കോണ്‍സ്റ്റബിള്‍ അശ്വതി ജി എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Read More : 'ടെക്സാസിലെ ഡോക്ടര്‍' മലയാളിയെ പറ്റിച്ച് തട്ടിയത് 21.65 ലക്ഷം; നൈജീരിയക്കാരനെ ദില്ലിയിലെത്തി പൊക്കി പൊലീസ്

രണ്ട് ദിവസം മുമ്പും പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു.  20 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയെ ആണ് ആര്‍പിഎഫും എക്സൈസും നടത്തിയ പരിശോധനില്‍ പിടികൂടിയത്.   കോട്ടയം താഴത്തെങ്ങാടി നബീൽ മുഹമ്മദ്‌(25) ആണ് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സും എകസൈസും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ  നടത്തിയ പരിശോധനയില്‍ പിടിയിലായത്. വിശാഖപട്ടണത്തിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട്‌ എത്തിയ യുവാവ് കോട്ടയം ഭാഗത്തേയ്ക്ക്  ബസിൽ പോകുന്നതിനായി സ്റ്റേഷനിൽ ഇറങ്ങി വരുമ്പോഴാണ് പിടിയിലായത്. 

click me!