
കൊച്ചി: മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ. എറണാകുളം ആലുവ കീഴ്മാട് മുടക്കാലിൽ ടിബിൻ (30) ആണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 15.150 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിൽ പ്രത്യേക അറയിൽ മൂന്ന് കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾക്കായി വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. മയക്കുമരുന്ന് കച്ചവടം നടത്തുന്ന ടിബിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ രാസലഹരി വിൽപ്പന നടത്തിയിരുന്നത്. നർക്കോട്ടിക് സെൽ ഡി വൈ എസ് പി പി പി ഷംസ്, ഇൻസ്പെക്ടർ പി ജെ നോബിൾ, എസ് ഐ കെ കെ ഷെബാബ്, എ എസ് ഐമാരായ അബ്ദുൾ ജമാൽ, അബ്ദുൾ റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഐ വി ബിനീഷ്, സി പി ഒ അനീഷ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നിന്നും എംഡിഎംഎയുമായി 18കാരിയടക്കം മൂന്ന് പേർ അറസ്റ്റിലായത്. പുതുവത്സര ആഘോഷത്തിന് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്ന് കൊച്ചി പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശികളായ അഭിരാം, അഭിന്‍, അനുലക്ഷ്‍മി എന്നിവരാണ് പിടിയിലായത്. എറണാകുളം ദേശാഭിമാനി റോഡിൽ യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് അധികൃതർ 120 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പൊലീസ് എത്തുമ്പോൾ ലഹരിവസ്തു തൂക്കി പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു മൂവരും. അഭിരാമാണ് സംഘത്തിന്‍റെ നേതാവെന്ന് പൊലീസ് അറിയിച്ചു.
സംഘത്തിലെ യുവതി സിവിൽ ഏവിയേഷന്‍ വിദ്യാർത്ഥിനിയാണ്. ഇടുക്കി സ്വദേശികളായ മൂന്ന് പേരും പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് ലഹരിവില്പന നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി യുവതിയുടെ വാടക വീട് കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു പൊലീസിന്‍റെ നടപടി. എവിടെ നിന്നാണ് ലഹരി വസ്തു കൊണ്ടുവന്നതെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.
കഴിഞ്ഞ ദിവസം കേരളത്തിലേക്ക് എംഡിഎംഎ കടത്താത്തിയ നൈജീരിയക്കാരൻ അറസ്റ്റിലായിരുന്നു. 27 കാരനായ കെൻ എന്ന ആളാണ് തൃശൂരിൽ അറസ്റ്റിലായത്. ബംഗളൂരുവിലെ മലയാളി യുവാവ് മുഖേനയായിരുന്നു ഇയാള്‍ ലഹരി കടത്തിയിരുന്നത്. രണ്ട് പേരിൽ നിന്നുമായി 500 ഗ്രാം എംഡിഎംഎ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിലാണ് ദില്ലിയിൽ നിന്ന് നൈജീരിയക്കാരനെ പിടികൂടിയത്. തൃശ്ശൂരിലെ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൂടുതല്‍ വായനയ്ക്ക്: എംഡിഎംഎ വിൽപ്പനക്കാരൻ കാസർകോട് പിടിയിൽ; വിതരണത്തിനെത്തിച്ച മയക്കുമരുന്ന് പിടികൂടിയത് വീട്ടിൽ നിന്ന്