പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു; മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു

By Web TeamFirst Published Jun 14, 2021, 6:22 PM IST
Highlights

പൊലീസ് സംഭവ സ്ഥലത്ത് എത്തുന്ന സമയത്തും അക്രമികള്‍ ബാബുലാലിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ജയ്പുർ: പശുവിനെ കടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു. രാജസ്ഥാനിലെ  ബേഗു ടൗണിന് സമീപത്താണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം നടന്നത്. മധ്യപ്രദേശ് ആച്ചാൽപുർ സ്വദേശിയായ ബാബുലാൽ ഭിൽ എന്നയാളാണ് കൊല്ലപ്പെട്ടത്.  ഇയൊളൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ക്രൂരമായ മര്‍ദ്ദനമേറ്റു.

ബേഗു ടൗണിന് സമീപത്തുവച്ച് കഴിഞ്ഞ ദിവസം ആര്‍ദ്ധരാത്രിയിലാണ് പശുക്കളുമായി വന്ന ഇവരുടെ വാഹനം തടഞ്ഞുവച്ച് ജനക്കൂട്ടം ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയത്. മര്‍ദ്ദനത്തില്‍ ക്രൂരമായി പരിക്കേറ്റ ബാബുലാലിനെയും സുഹൃത്ത് പിന്‍റുവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബാബുലാല്‍ മരണപ്പെട്ടു.

പൊലീസ് സംഭവ സ്ഥലത്ത് എത്തുന്ന സമയത്തും അക്രമികള്‍ ബാബുലാലിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പൊലീസിനെ കണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു.  ബാബുലാലിന്‍റെയും സുഹൃത്തിന്‍റെയും മൊബൈല്‍ ഫോണുകളും മറ്റ് രേഖകളും അക്രമികള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് ചിലരെ  കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അക്രമികളെ എല്ലാവരെയും പിടികൂടുമെന്നും ഉദയ്പുർ റെയ്ഞ്ച്   ഐ.ജി. സത്യവീർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!