
ലണ്ടൻ: 136 ബലാത്സംഗങ്ങളും എട്ട് ബലാത്സംഗ ശ്രമങ്ങളും മറ്റ് അതിക്രമങ്ങളുമുൾപ്പെടെ 159 കേസുകളിൽ പ്രതിയായ വ്യക്തിയ്ക്ക് 30 വർഷം ജീവപര്യന്തം ശിക്ഷ വിധിച്ച് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രൗൺ കോടതി. ക്രൗൺ പ്രോസിക്യൂഷൻ സർവീസിന്റെ കണക്കനുസരിച്ചാണ് ഇയാളുടെ കൃറ്റകൃത്യങ്ങളെക്കുറിച്ചുള്ള കോടതിയുടെ വെളിപ്പെടുത്തൽ. ഇന്തോനേഷ്യൻ സ്വദേശിയായ റെയ്ൻഹാർഡ് സിനാഗ എന്ന 36 കാരനെയാണ് കോടതി ശിക്ഷിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഇയാൾ ഇവിടെയെത്തിയത്.
താമസിക്കാനും മദ്യം കഴിക്കാനും വേണ്ടി ക്ഷണിച്ചുവരുത്തിയതിന് ശേഷമാണ് ഇയാൾ ആളുകളെ പീഡിപ്പിച്ചിരുന്നത്. പീഡനരംഗങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായും ക്രൗൺ പ്രോസിക്യൂഷൻ സർവ്വീസ് വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ജാംബി പ്രവിശ്യയിൽ നിന്നുള്ളയാളാണ് ഇയാൾ. ചെറുപ്പക്കാർക്കൊപ്പമിരുന്ന് മദ്യപിച്ചതിന് ശേഷം മയക്കുമരുന്ന് നൽകിയാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. പലർക്കും തങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം മനസ്സിലായിരുന്നില്ല. എന്നാൽ ഇയാൾ പീഡനത്തിനിരയാക്കിയ ചെറുപ്പക്കാരിലൊരാളാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി നൽകിയത്. ഇതോടെ ഇയാൾ പിടിയിലാകുകയായിരുന്നു.
2018 ജൂണിൽ വിചാരണ ആരംഭിച്ച കേസുകളിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. കേസുകളുടെ വിചാരണ ഇക്കഴിഞ്ഞ ഡിസംബറിലാണ് അവസാനിച്ചത്. 2007 ൽ ബ്രിട്ടനിലേക്ക് മാറിയതിനുശേഷം സിനാഗ കൂടുതൽ പുരുഷന്മാരെ ആക്രമിച്ചതായി സംശയിക്കുന്നതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും മോശം ലൈംഗിക കുറ്റവാളി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പ്രതിക്കെതിരെ പരാതി നൽകിയയാൾ രാക്ഷസൻ എന്നാണ് പ്രതിയെ വിശേഷിപ്പിച്ചത്. ഈ ഒരൊറ്റ വിശേഷണത്തിലൂടെ പ്രതി ചെയ്ത കുറ്റകൃത്യത്തിന്‍റെ വ്യാപ്തി വെളിവാകുന്നതാണെന്ന് ജഡ്ജി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam