
ദില്ലി: ഉറക്കമുണരാൻ വൈകിയതിന് സഹോദരിയുടെ മുന്നിൽവച്ച് ശകാരിച്ച ഭാര്യയെ യുവാവ് ശ്വാസംമുട്ടിച്ചു കൊന്നു. ദില്ലിയിലെ സംഘം വിഹാറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കേസിൽ നാൽപ്പത്തിയഞ്ചുകാരനായ ഫസ്രുദ്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫസ്രുദ്ദിന്റെ ഭാര്യ സാമിനയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
സാമിനയുടെ ചികിത്സയ്ക്കായി ഗാസിയാബാദിൽ നിന്ന് ദില്ലിയിലുള്ള സഹോദരന്റെ വീട്ടിലെത്തിയതായിരുന്നു ഫസ്രുദ്ദിനും കുടുംബവും. സംഭവം നടന്ന ദിവസം രാവിലെ വരാന്തയിൽ ഇരുന്ന് സാമിനയും സഹോദരിയും സംസാരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഉറക്കമുണർന്ന ഫസ്രുദ്ദിൻ വരാന്തയിലേക്ക് കടന്നുവന്നു. തുടർന്ന് എഴുന്നേൽ വൈകിയെന്നാരോപിച്ച് സഹോദരിയുടെ മുന്നിൽവച്ച് സാമിന ഫസ്രുദ്ദിനെ ശകാരിക്കുകയായിരുന്നു.
തന്നെ പരസ്യമായി ശകാരിച്ചതിന് ഫസ്രുദ്ദിന്‍ ഭാര്യയോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെ പ്രതി ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ട സാമിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ നാബ് സരായി പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഗാസിയാബാദിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് ഫസ്രുദ്ദിൻ. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam