
ഇടുക്കി: തൊടുപുഴയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയയാൾ അറസ്റ്റിൽ. ഇടവെട്ടി കോയിക്കൽ വീട്ടിൽ റെജിമോനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 2022 സെപ്റ്റംബറിനും നവംബറിനും ഇടയിൽ പലതവണകളായി 7,69,000 രൂപയുടെ മുക്കുപണ്ടം ഇയാൾ പണയംവെച്ചിരുന്നു.
ആഭരണത്തിൽ 916 ഹാൾമാർക്ക് അടയാളപ്പെടുത്തിയാണ് കബളിപ്പിച്ചത്. ഇത്തരം പണ്ടങ്ങൾ ഉരച്ചുനോക്കിയാൽ തട്ടിപ്പ് മനസ്സിലാകില്ല. വലിയ സ്വര്‍ണക്കടകളില്‍ മാത്രമെ തിരിച്ചറിയാനുള്ള സംവിധാമുള്ളു. ഇത് മനസിലാക്കികോണ്ടായിരുന്നു തട്ടിപ്പ്. പിടിയിലായ റെജിമോന്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, മന്ത്രവാദം നടത്തിയ സ്വർണാഭരണം ധരിച്ചാൽ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടിയ യുവാവ് അറസ്റ്റിലായി. തൃശ്ശൂർ പാവറട്ടി സ്വദേശി ഷാഹുൽ ഹമീദാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. പച്ചാളത്ത് താമസിച്ചിരുന്ന യുവതിയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 17 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി.
യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം, വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ തയ്യാറാക്കി നൽകുന്ന തൊടുപുഴയിലെ ഏദൻസ് ജോബ് കൺസൾട്ടൻസി സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam