ഇടവഴികളിലും ആളൊഴിഞ്ഞ ഇടങ്ങളിലും സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യവിരുദ്ധ ശല്യം: ഷാഡോ സംഘം കാവലുണ്ടെന്ന് പൊലീസ് മേധാവിപ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഇടവഴികളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും സന്ധ്യ കഴിഞ്ഞാൽ സാമൂഹിക വിരുദ്ധരും പിടിച്ചുപറിക്കാരും പിടിമുറുക്കുകയാണെന്ന പരാതി പരിഹരിക്കുന്നതിനായി ഷാഡോ പോലീസിനെ ആവശ്യാനുസരണം നിയോഗിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ പോലീസ് മേധാവി റിപോർട്ട് സമർപ്പിച്ചത്. പരാതി പരിഹരിക്കാൻ ഊർജിത നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ നഗരപരിധിയിലും മറ്റു സ്ഥലങ്ങളിലും പോലീസ് മൊബൈൽ പട്രോളിംഗും മോട്ടോർ സൈക്കിൾ, ഫുട്ട് പട്രോളിങ്ങും നടത്തി വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൊതുപ്രവർത്തകനായ എ സി ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Read more: ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം, കൊന്ന് കഷണങ്ങളാക്കി വാട്ടര്‍ ടാങ്കിൽ തള്ളി, മൃതദേഹത്തിന് രണ്ട് മാസം പഴക്കം

അതേസമയം, കോഴിക്കോട് തൊട്ടിൽപാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയായ ഝാർഖണ്ഡ്‌ സ്വദേശിയെ ജാമ്യത്തിലെടുക്കുന്നതിനായി വ്യാജ നികുതി ശീട്ടുകള്‍ നല്കി കോടതിയെ കബളിപ്പിച്ച പ്രതികളെ കോഴിക്കോട് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍ കീഴ് പുതുവല്‍ പുത്തന്‍ വീട്ടില്‍ സുധാകുമാര്‍, കുടപ്പാമൂട് റോഡരികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.2018ലാണ് കേസിന് ആസ്പദമായ സംഭവം.

തൊട്ടിൽപാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതിയായ ഝാർഖണ്ഡ്‌ സ്വദേശിയായ നസറുദ്ദീന്‍ എന്നയാളെ ജാമ്യത്തില്‍ എടുക്കുന്നതിനായി കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (പോക്സോ) മുമ്പാകെ അസ്സലാണെന്ന വിധത്തിൽ വ്യാജ രേഖകള്‍ ഹാജരാക്കി ജാമ്യക്കാരായി നിന്ന് ജാമ്യം വാങ്ങിച്ചു കോടതിയെ വഞ്ചിക്കുകയായിരുന്നു.

കേസിലെ പ്രതി നസറുദ്ദീന്‍ ഹാജരാകാത്തതിനെ തുടര്‍ന്നു പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും, ജാമ്യകാര്‍ക്കെതിരെ വില്ലേജ് ഓഫീസ് മുഖേന നടപടി സ്വീകരിക്കുന്നതിനുമായി വില്ലേജ് ഓഫീസുകളിലേക്ക് നോട്ടീസ് അയക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രേഖകള്‍ വ്യാജമാണെന്ന് മനസിലായത്.