വിവാഹ പൂര്‍വ്വ ലൈംഗികബന്ധം: ചാട്ടവാര്‍ അടിയേല്‍ക്കുന്നതിനിടെ യുവാവ് തളര്‍ന്ന് വീണു, ശിക്ഷ തുടര്‍ന്ന് അധികൃതര്‍

By Web TeamFirst Published Dec 6, 2019, 6:56 AM IST
Highlights

മുസ്‍ലിം മതനിയമങ്ങള്‍ പ്രാബല്യത്തിലുള്ള ഇവിടെ ചൂതാട്ടവും, മദ്യപാനവും, ഗേ- വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം എന്നിവയെല്ലാം ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പൊതുജനമധ്യത്തിലാണ് ഈ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുക.

സുമാത്ര(ഇന്തോനേഷ്യ): ചാട്ടവാര്‍ അടി ശിക്ഷയ്ക്കിടെ ബോധം പോയ യുവാവിന് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ശേഷം ശിക്ഷ പൂര്‍ത്തീകരിച്ച് ഭരണാധികാരികള്‍. വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ഇന്തോനേഷ്യക്കാരനായ യുവാവിന് 100 ചാട്ടവാര്‍ അടി ശിക്ഷ വിധിച്ചത്. ഇന്തോനേഷ്യയിലെ സുമാത്രയിലെ അക്കെയിലാണ് സംഭവം. മുസ്‍ലിം മതനിയമങ്ങള്‍ പ്രാബല്യത്തിലുള്ള ഇവിടെ ചൂതാട്ടവും, മദ്യപാനവും, ഗേ- വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം എന്നിവയെല്ലാം ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പൊതുജനമധ്യത്തിലാണ് ഈ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുക.

അന്താരാഷ്ടതലത്തില്‍ വിവിധ സംഘടനകള്‍ അപലപിച്ചിട്ടുള്ളതാണ് പൊതുമധ്യത്തിലുള്ള ചാട്ടവാറടി ശിക്ഷ. ഇന്തോനേഷ്യയിലെ മത നിയമങ്ങള്‍ ശക്തമായി പിന്തുടരുന്ന പ്രദേശമാണ് അക്കെ. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന കുറ്റത്തിന് 22 വയസുള്ള യുവാവിനാണ് വ്യാഴാഴ്ച 100 ചാട്ടവാര്‍ അടി ശിക്ഷ വിധിച്ചത്. 

പൊതുജന മധ്യത്തില്‍ ശിക്ഷ നടക്കുന്നതിന് ഇടയിലാണ് യുവാവ് ബോധം കെട്ട് വീണത്. യുവാവിന് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ഷരിയാ അധികാരികള്‍ ശിക്ഷ കുറച്ചില്ല. യുവാവ് ബോധം വീണ്ടെടുത്ത ഉടന്‍ ശിക്ഷ തുടരുകയായിരുന്നു അധികൃതര്‍. നൂറ് ചാട്ടവാര്‍ അടി ശിക്ഷ പൂര്‍ത്തിയായപ്പോഴേക്കും യുവാവ് ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുമായി ബന്ധം പുലര്‍ത്തിയ യുവതിക്കും ഇതേ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ശക്തിയില്‍ മര്‍ദ്ധിക്കണമെന്ന് ആര്‍ത്ത് വിളിക്കുന്ന ജനക്കൂട്ടത്തിന് ഇടയില്‍ വച്ചായിരുന്നു ശിക്ഷാ നടപടി പൂര്‍ത്തിയാക്കിയത്. ഇയാള്‍ക്ക് ആവശ്യമായ ശ്രുശ്രൂഷ നല്‍കാതെ ശിക്ഷാ നടപടി തുടര്‍ന്നതില്‍ സംഭവത്തിനെതിരെ രാജ്യാന്തര തലത്തില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

മതത്തിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നവരെ വെറുതെ വിടാന്‍ സാധിക്കില്ലെന്നാണ് ഇവിടെ തടിച്ച് കൂടിയവരില്‍ ഏറിയ പങ്കും അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചത്. അടുത്തിടെ വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നതായി കണ്ടെത്തുന്നവര്‍ക്ക് നൂറ് ചാട്ടവാര്‍ അടി നല്‍കുമെന്ന് അധികൃതര്‍ വിശദമാക്കിയിരുന്നു. ചാട്ടവാര്‍ അടി ശിക്ഷ മനുഷ്യത്വ രഹിതമാണെന്ന് ഇന്തോനേഷ്യയുടെ പ്രസിഡന്‍റ് അടുത്തിടെ പറഞ്ഞിരുന്നു. ഇത്തരം ശിക്ഷാ നടപടികള്‍ നിര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് ശിക്ഷാ നടപടികള്‍ പഴയ പടിയെ തുടരുന്നത്. 

click me!