പത്തനംതിട്ടയിൽ മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച അച്ഛന് 107 വർഷം കഠിനതടവ് ശിക്ഷ

By Web TeamFirst Published Nov 28, 2022, 5:18 PM IST
Highlights

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ്  പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്

പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 107 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്സോ കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കനത്ത ശിക്ഷ വിധിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ്  പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചില വകുപ്പുകളിൽ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന ഉത്തരവപ്രകാരം 67 വർഷമാവും പ്രതിയുടെ ശിക്ഷാ കാലയളവ്.

വളരെ നേരത്തേ തന്നെ ഈ പെൺകുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് അച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. അച്ഛൻ പീഡിപ്പിച്ച വിവരം കുട്ടി തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് അയൽവാസികളും കുട്ടിയുടെ അധ്യാപകരും ചേർന്നാണ് വിവരം പൊലീസിൽ അറിയിച്ചത്. പിന്നീട് പൊലീസിന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

വൈദ്യ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതടക്കം വ്യക്തമായിരുന്നു. അതിക്രൂരമായ ശാരീരിക പീഡനത്തിനും ലൈംഗിക അതിക്രമത്തിനും പെൺകുട്ടി ഇരയായി. 

അതിനിടെ വയനാട്ടിൽ പോക്സോ കേസ് അതീജീവിതകളുടെ വൈദ്യപരിശോധന നടത്തുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതായി പരാതി ഉയർന്നു. മാനന്തവാടി മെഡിക്കൽ കോളേജ് അധികൃതർ വീഴ്ച വരുത്തിയതായാണ് പരാതി. അതിജീവിതകളെ ഒപ്പം വന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം മൂന്ന് മണിക്കൂർ കാത്ത് നിർത്തിയ ശേഷം ഡോക്ടർ ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥയോടൊപ്പം ഇന്നലെ രാവിലെയാണ് മൂന്ന് കുട്ടികൾ മെഡിക്കൽ കോളേജിലെത്തിയത്. പത്തും, ഒൻപതും, മൂന്നും വയസുമുള്ള മൂന്ന് പെൺകുട്ടികളാണ് ഈ നിലയിലുള്ള ദുരനുഭവത്തിന് ഇരകളായത്. പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്. നടപടികൾ പൂർത്തിയാക്കി രാത്രി ഏറെ വൈകിയാണ് കുട്ടികൾക്ക് മടങ്ങാനായത്. പനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസുകളിലെ അതിജീവിതകളായ പെൺകുട്ടികൾക്കാണ്  ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. വീഴ്ച ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സംസ്ഥാന ഇന്‍റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. വയനാട് ഡിഎംഒ ഡ്യൂട്ടി മെഡിക്കൽ ഓഫീസറോട് വിശദീകരണം തേടി.

click me!