
കോഴിക്കോട്: മണാശ്ശേരി ഇരട്ടക്കൊലപാതക കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാനാകാതെ ക്രൈബ്രാഞ്ച്. കൊവിഡ് പ്രതിസന്ധികാരണമാണ് കുറ്റപത്രം വൈകുന്നതെന്നാണ് വിശദീകരണം. മണാശ്ശേരി സ്വദേശിയായ ബിർജു, സ്വത്ത് തട്ടിയെടുക്കാൻ അമ്മ ജയവല്ലിയെയും അവരെ കൊല്ലാൻ സഹായിച്ച കൂട്ടുകാരനേയും കൊലപ്പെടുത്തിയെന്നാണ് കേസ്.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങൾ ആരുടേത് എന്ന് കണ്ടെത്താനുള്ള ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ നിന്നാണ് മണാശ്ശേരി സ്വദേശി ബിർജു നടത്തിയ രണ്ട് കൊലപാതകങ്ങൾ പുറം ലോകമറിയുന്നത്. മൃതദേഹ അവശിഷ്ടങ്ങൾ മലപ്പുറം വണ്ടൂർ സ്വദേശി ഇസ്മായിലിന്‍റേതാണെന്ന് കണ്ടെത്തിയതോടെ ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇസ്മയിലിനെ കൊലപ്പെടുത്തിയത് ബിർജു ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
തന്‍റെ അമ്മ ജയവല്ലിയെ കൊലപ്പെടുത്താൻ കൂട്ടുനിന്നതിന്‍റെ കമ്മീഷൻ ചോദിച്ചതിനാണ് ഇസ്മയിലിനെ കൊലപ്പെടുത്തിയതെന്നും ബിർജു സമ്മതിച്ചു. തുടർന്ന് മുക്കം പൊലീസ് അന്വേഷിച്ചിരുന്ന ജയവല്ലിയുടെ അസ്വാഭാവിക മരണം കൂടി ക്രൈം ബ്രാഞ്ച് ഏറ്റെടുക്കയായിരുന്നു. രണ്ട് കേസുകളിലും ബിർജുവിന്‍റെ അറസ്റ്റും രേഖപ്പെടുത്തി.
എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതി ബിർജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചു. ഇതിനിടെ കൊവിഡ് ഇളവുകൂടി കിട്ടിയതോടെ ആറ് മാസമായി ബിർജു ജയിലിന് പുറത്താണ്. കൊവിഡ് പ്രതിസന്ധിയാണ് കുറ്റപത്രം വൈകാൻ കാരണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം.
ജയവല്ലി കേസിൽ ആദ്യം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഈ കുറ്റപത്രം ആദ്യം സമർപ്പിച്ചാൽ അത് ഇസ്മയിൽ കേസിന്‍റെ വിചാരണക്ക് കൂടുതൽ ബലം നൽകും. ജയവല്ലി കേസുമായി ബന്ധപ്പെട്ട് ചില രാസപരിശോധന ഫലങ്ങൾ ലഭിക്കാൻ ഉണ്ടെന്നും തെളിവെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണം സംഘം അറിയിച്ചു. ഇതിന് ശേഷം ബിർജു കേസിന്‍റേയും കുറ്റപത്രം സമർപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam