മാങ്കുളത്ത് നായാട്ട് സംഘം പുലിയെ കെണിവച്ച് പിടിച്ചത് പല്ലും നഖവും വിൽക്കാൻ

By Web TeamFirst Published Jan 24, 2021, 7:10 AM IST
Highlights

കൃത്യമായി ഗൂഡാലോചന നടത്തിയാണ് നായാട്ട് സംഘം മാങ്കുളത്ത് പുലിയെ കെണി വച്ച് പിടിച്ച് കറി വച്ച് കഴിച്ചതെന്ന നിലപാടിലാണ് വനംവകുപ്പ്. 

ഇടുക്കി: മാങ്കുളത്ത് നായാട്ട് സംഘം പുലിയെ കെണിവച്ച് പിടിച്ചത് പല്ലും നഖവും വിൽക്കാൻ ലക്ഷ്യമിട്ടെന്ന് വനംവകുപ്പ്. സംഘം ഇതിന് മുമ്പും നായാട്ട് നടത്തിയിരുന്നതായും പ്രതികൾക്ക് അന്ത‍ർസംസ്ഥാന നായാട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.

കൃത്യമായി ഗൂഡാലോചന നടത്തിയാണ് നായാട്ട് സംഘം മാങ്കുളത്ത് പുലിയെ കെണി വച്ച് പിടിച്ച് കറി വച്ച് കഴിച്ചതെന്ന നിലപാടിലാണ് വനംവകുപ്പ്. പുലിയെ പിടിക്കാനായി നിർമിച്ച ഇരുന്പ് വള്ളിയുടെ കെണി ഇതിന് തെളിവാണ്. മാത്രമല്ല 
സംഘം ഇതിന് മുന്പും നായാട്ട് നടത്തിയിട്ടുണ്ട്. ഏതാനും മാസം മുന്പ് ഒന്നാംപ്രതി വിനോദിന്റെ നേതൃത്വത്തിൽ സംഘം മുള്ളൻപ്പന്നിയെ കെണി വച്ച് പിടിച്ച് കറിവച്ച് തിന്നിരുന്നു

നഖവും പല്ലും തോലും വിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുലിയെ പിടിച്ചത്. ഇതിനായി ശാസ്ത്രീയമായി ഇവയെല്ലാം വേ‍ർതിരിച്ചെടുത്തു. തുടർന്ന് പെരുന്പാവൂരുള്ള സുഹൃത്തിനെ ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. 

ഈ സാഹചര്യത്തിലാണ് പ്രതികൾക്ക് അന്ത‍ർസംസ്ഥാന നായാട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് സംശയം ഉയർന്നിരിക്കുന്നത്. ഇതിൽ വ്യക്തത തേടുന്നതിനായി വനംവകുപ്പ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

click me!