സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ വൻ ലഹരി വേട്ട; എൻസിബി പിടിച്ചത് രണ്ടര കോടിയുടെ മലാന ക്രീം

By Web TeamFirst Published Dec 10, 2020, 12:49 AM IST
Highlights

നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ വൻ ലഹരി വേട്ട നടത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

മുംബൈ: നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ വൻ ലഹരി വേട്ട നടത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. രണ്ടര കോടിരൂപ വിലയുള്ള വീര്യം കൂടിയ ലഹരി വസ്തുക്കളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. കേസിൽ ഒളിവിൽ കഴിയുകയയിരുന്ന പ്രതി റീഗൽ മഹകാലിനെയും എൻസിബി ഇന്ന് അറസ്റ്റ് ചെയ്തു.

സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ഇതുവരെ നടത്തിയ റെയ്ഡുകളിൽ ഏറ്റവും വലുത്. അഞ്ച് കിലോ വീര്യം കൂടിയ മലാനാ ക്രീം എന്ന ലഹരി മരുന്നാണ് ലോഖൻഡ് വാലയിലെ റെയ്ഡിൽ പിടികൂടിയത്. ഒപ്പം 16ലക്ഷം രൂപയും. അറസ്റ്റിലായ റീഗൽ മഹകാലിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ഇടങ്ങളിൽ റെയ്ഡ് തുടരും. 

സെപ്തംബറിൽ അറസ്റ്റിലായ അ‍ഞ്ജു കേശ്വാണിയെന്ന ലഹരിമരുന്ന് ഇടനിലക്കാരനിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് റീഗൽ മഹാകാലിന്‍റെ ഒളിയിടത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. എന്നാൽ റീഗൽ മഹാകാലിന് നേരത്തെ കേസിൽ എൻസിബി അറസ്റ്റ് ചെയ്ത നടി റിയ ചക്രബർത്തിയുമായോ സഹോദരൻ ഷൗവിക്കുമായോ നേരിട്ടു ബന്ധമുള്ളതായി തെളിവില്ല. 

ചെറിയ തോതിൽ ലഹരി വാങ്ങി ഉപയോഗിച്ചെന്ന് മാത്രം വ്യക്തമായിട്ടും റിയയ്ക്കും സഹോദരനുമെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയതിന് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് എൻസിബിയുടെ ലഹരി വേട്ട. റീഗൽ മഹാകാലിനെ രണ്ട് ദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ടു.

click me!