
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യയും ഇവരുടെ കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മീററ്റ് ലോഹ്യനഗർ സ്വദേശി താലിബി(30)ന്റെ മരണമാണ് ദിവസങ്ങൾക്ക് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ താലിബിന്റെ ഭാര്യയും ബ്യൂട്ടീഷ്യനുമായ ഇൽമ(27)യാണ് പൊലീസിന്റെ പിടിയിലായത്. ഇൽമയുടെ കാമുകൻ അമനും ഇയാളുടെ സുഹൃത്തിനും കൃത്യത്തിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 28-നാണ് വീട്ടിൽവെച്ച് താലിബ് മരണപ്പെട്ടത്. ജോലി കഴിഞ്ഞെത്തിയ താലിബ് പെട്ടെന്ന് കുഴഞ്ഞുവീണെന്നും പിന്നാലെ മരണം സംഭവിച്ചെന്നുമാണ് ഭാര്യ ബന്ധുക്കളെ അറിയിച്ചിരുന്നത്. ഹൃദയാഘാതം കാരണമാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കളും വിശ്വസിച്ചു. തുടർന്ന് മൃതദേഹം മറവുചെയ്യുകയും ചെയ്തു. എന്നാൽ, ഒക്ടോബർ ഒന്നാം തീയതി വീട്ടിലെത്തിയ ബന്ധു താലിബിന്റെ മൊബൈൽഫോൺ കണ്ടെടുത്ത് ഇത് പരിശോധിച്ചതോടെയാണ് മരണത്തിൽ സംശയമുണർന്നത്.
താലിബിന്റെ മരണത്തിന് പിന്നാലെ ഇയാളുടെ മൊബൈൽഫോൺ ഭാര്യ ഒളിപ്പിച്ചിരുന്നു. ഇതിനിടെയാണ് വീട്ടിലെത്തിയ ബന്ധുവായ റയീസ് ഈ മൊബൈൽഫോൺ വസ്ത്രങ്ങൾക്കിടയിൽനിന്ന് കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ഫോൺ പരിശോധിച്ചതോടെ സംശയാസ്പദമായ ചില ചാറ്റുകൾ കണ്ടു. അമനുമായി താലിബ് നടത്തിയ ചാറ്റുകളാണ് സംശയത്തിനിടയാക്കിയത്. തന്റെ ഭാര്യയോട് സംസാരിക്കരുതെന്ന് താലിബ് അമനോട് പറഞ്ഞതാണ് ചാറ്റിലുണ്ടായിരുന്നത്. ഇത് കണ്ടതോടെ ബന്ധുക്കൾക്ക് സംശയമായി. തുടർന്ന് ഇൽമയെ ബന്ധുക്കൾ ചോദ്യംചെയ്തതോടെ യുവതി കുറ്റംസമ്മതിക്കുകയും തുടർന്ന് പ്രതിയെ പൊലീസിന് കൈമാറുകയുമായിരുന്നു.
നാലുവർഷം മുൻപാണ് താലിബും ഇൽമയും വിവാഹിതരായത്. ദമ്പതിമാർക്ക് മൂന്നുവയസ്സുള്ള മകളുണ്ട്. ഇതിനിടെ അമനും ഇൽമയും അടുപ്പത്തിലായി. ഇക്കാര്യം താലിബ് അറിഞ്ഞു. സെപ്റ്റംബർ 28-ന് താലിബ് ഭാര്യയെ മർദിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇൽമ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഒരു സുഹൃത്തുമായാണ് അമൻ വീട്ടിലെത്തിയത്. തുടർന്ന് മൂവരും ചേർന്ന് താലിബിനെ മർദിച്ചു. പിന്നാലെ അമൻ ഷാൾ ഉപയോഗിച്ച് താലിബിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. താലിബ് കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ ഇത് സ്വഭാവിക മരണമായി ചിത്രീകരിക്കാനും പ്രതികൾ തീരുമാനിച്ചു. ഇൽമയെ വിവാഹം കഴിക്കാമെന്നും അമൻ ഉറപ്പുനൽകി. തുടർന്നാണ് താലിബ് കുഴഞ്ഞുവീണ് മരിച്ചെന്ന് ഇൽമ ബന്ധുക്കളെ അറിയിച്ചത്.
സംഭവത്തിൽ പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്നും ഇതിനുശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam