
ഉത്തർപ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് ലോഗോയുളള വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. റിട്ടയേർഡ് ജയിലറുടെ മകൻ ഉൾപ്പെടെ നാല് പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, പോക്സോ എന്നീ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും.
മിർസാപൂരിൽ നിന്നും അമ്പത് കിലോമീറ്റർ അകലെ ഹാലിയ എന്ന സ്ഥലത്ത് വച്ചാണ് പതിനഞ്ച് വയസ്സുള്ള പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ആഴ്ച തെലങ്കാനയിൽ ഇരുപത്താറ് വയസ്സുള്ള വെറ്റിറനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി അതിക്രൂരമായി കത്തിച്ചു കൊന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
അറസ്റ്റ് ചെയ്ത പ്രതികളിലൊരാളായ ജയ്പ്രകാശ് മൗര്യ റിട്ടയേർഡ് ജയിലർ ബ്രിജിലാൽ മൗര്യയുടെ മകനാണ്. ജയ്പ്രകാശിന്റെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത് ഹാലിയയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സഹോദരിയെ കാണാൻ പതിവായി എത്തിയിരുന്ന ജയപ്രകാശ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവം നടക്കുന്ന ദിവസം ഇയാൾ പെൺകുട്ടിയെ ഫോണിൽ വിളിച്ചിരുന്നതായി പിതാവ് സാക്ഷ്യപ്പെടുത്തുന്നു. പെൺകുട്ടിയോട് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. മൂന്ന് സുഹൃത്തുക്കളും കാറിൽ ജയപ്രകാശിനൊപ്പമുണ്ടായിരുന്നു.
പെൺകുട്ടിയെ നിർബന്ധിച്ച് വിജനമായ സ്ഥലത്തേയ്ക്ക് വിളിച്ചു കൊണ്ടുപോയി നാലുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് ഹാലിയയിലേക്ക് തിരിച്ചു പോകുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന കാർ പരിശോധിക്കാനായി പൊലീസ് നിർത്താനാവശ്യപ്പെട്ടു. പോലീസിനെ കണ്ടയുടൻ പെൺകുട്ടി ബഹളം വച്ച് ഉറക്കെ കരഞ്ഞതിനെ തുടർന്ന് കാർ കസ്റ്റഡിയിലെടുത്ത് ഇവരെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ജയ്പ്രകാശ് മൗര്യ, ലുവ്കുമാർ പാൽ, ഗണഷ് പ്രസാദ്, സൈനികനായ മഹേന്ദ്ര കുമാർ യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ പൊലീസ് ലോഗോ വന്നതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam