അധ്യാപികയായ രൂപശ്രീയുടെ മരണം കൊലപാതകം, ബക്കറ്റിൽ മുക്കി കൊന്നു, കടലിൽ തള്ളി

Web Desk   | Asianet News
Published : Jan 24, 2020, 11:49 AM ISTUpdated : Jan 24, 2020, 11:51 AM IST
അധ്യാപികയായ രൂപശ്രീയുടെ മരണം കൊലപാതകം, ബക്കറ്റിൽ മുക്കി കൊന്നു, കടലിൽ തള്ളി

Synopsis

സഹപ്രവർത്തകനായ വെങ്കട്ടരമണ എന്ന അധ്യാപകനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. രൂപശ്രീയുമായി സൗഹൃദമുണ്ടായിരുന്ന ഇയാൾ സംശയരോഗത്തെത്തുടർന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. 

കാസർകോട്: ചിഗുർപദവ് നിന്ന് കാണാതായ ശേഷം കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രൂപശ്രീ ജോലി ചെയ്തിരുന്ന അതേ സ്കൂളിൽ സഹ അധ്യാപകനായ വെങ്കട്ടരമണ കരന്തരയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുമായി രൂപശ്രീയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൗഹൃദം പിന്നീട് ശല്യമായെന്നും ഇത് രൂക്ഷമായതിനെത്തുടർന്നാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചിഗുർപദവ് എ ചന്ദ്രശേഖരയുടെ ഭാര്യയായ ബി കെ രൂപശ്രീ മിയാപദവിലെ ഒരു സ്കൂളിൽ അധ്യാപികയായിരുന്നു. കഴിഞ്ഞ പതിന്നാലാം തീയതിയാണ് രൂപശ്രീയെ സ്കൂളിൽ നിന്ന് കാണാതായത്. പിന്നീട്, മൂന്ന് ദിവസത്തിന് ശേഷം രൂപശ്രീയെ കോഴിപ്പാടി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രൂപശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് തന്നെ അവരുടെ സ്കൂളിലെ സഹ അധ്യാപകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് സ്കൂളിലെ ഡ്രോയിംഗ് അധ്യാപകനായ വെങ്കട്ടരമണയുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നിയിരുന്നു.

നേരത്തേ, രൂപശ്രീയെ ചിലർ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നതാണ്. 

ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. 

രൂപശ്രീയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ വെങ്കട്ടരമണ ബലംപ്രയോഗിച്ച് ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ഇതേത്തുടർന്ന് ഇയാൾ കാറിൽ മൃതദേഹം കൊണ്ടുവന്ന് കടലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് വെങ്കട്ടരമണയുടെ വീട്ടിലെത്തി പൊലീസ് വിശദമായ ഫൊറൻസിക് പരിശോധനകൾ നടത്തി. 

കാറിന്‍റെ ഡിക്കിയിൽ നിന്ന് പൊലീസിന് രൂപശ്രീയുടെ മുടിയും ടയറിൽ നിന്ന് ശരീരസ്രവങ്ങൾ പോലുള്ള തെളിവുകളും കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിന്‍റെ അടിസ്ഥാനത്തിൽ വെങ്കട്ടരമണയെ വിശദമായി വീണ്ടും ചോദ്യം ചെയ്യാൻ കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിച്ചിട്ടുണ്ട്. ഉടൻ വെങ്കട്ടരമണയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും.

രൂപശ്രീയും വെങ്കട്ടരമണയും ഏതാണ്ട് ഒരേസമയം ജോലിയിൽ പ്രവേശിച്ചവരാണ്. നല്ല സൗഹൃദവുമുണ്ടായിരുന്നു. എന്നാൽ രൂപശ്രീയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന തരത്തിലുള്ള സംശയം വെങ്കട്ടരമണയ്ക്ക് ഉണ്ടാവുകയും അതിന്‍റെ പേരിൽ അവരെ വല്ലാതെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് കുടുംബാംഗങ്ങളോടടക്കം രൂപശ്രീ പറഞ്ഞിരുന്നതാണ്. സ്വന്തം മക്കളോടും അനുജത്തിയോടും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വെങ്കട്ടരമണയാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. 

മരിച്ച നിലയിൽ രൂപശ്രീയെ കണ്ടെത്തിയ ശേഷം ഇത് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ കൃത്യമായ തെളിവുകൾ കിട്ടിയിട്ടില്ലാത്തതിനാൽ പൊലീസ് ഇയാളെ അന്ന് വിട്ടയച്ചു. 

എന്നാൽ പിന്നീട് ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഇതേത്തുടർന്നാണ് നിർണായകമായ തെളിവുകൾ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിക്കുകയും ഫൊറൻസിക് തെളിവുകൾ ഉൾപ്പടെ കണ്ടെത്തി വെങ്കട്ടരമണയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

Read more at: 'അവിടുത്തെ മാഷുമായി ബന്ധമുണ്ടോയെന്ന സംശയത്തിലും ദേഷ്യത്തിലുമായിരിക്കും കൊന്നത്': രൂപശ്രീയുടെ ബന്ധു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയായി ഐടി ജീവനക്കാരി, കമ്പനി സിഇഒയും സഹപ്രവർത്തകയും ഭർത്താവും അറസ്റ്റിൽ
കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്