ഐഡിയ കൊള്ളാമായിരുന്നു, പക്ഷേ 'ജസ്റ്റ്' പാളി! മൊബൈൽ ഫോൺ കള്ളൻ 'ലോക്കായ' കഥ, അറസ്റ്റ്

By Web TeamFirst Published Jan 17, 2023, 4:14 AM IST
Highlights

ലോക്ക് ഉണ്ടായിരുന്നതിനാൽ ഉപയോഗിക്കാൻ സാധിച്ചില്ല. ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈൽ കടയിലേക്കെത്തി. ഫർഹാന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിന്‍റെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാൽ സ്വദേശിയായ മരപ്പണിക്കാരന്‍ പൂവപ്പയുടെ
മൊബൈലാണ് ഫർഹാൻ തട്ടിയെടുത്തത്.

ലോക്ക് ഉണ്ടായിരുന്നതിനാൽ ഉപയോഗിക്കാൻ സാധിച്ചില്ല. ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈൽ കടയിലേക്കെത്തി. ഫർഹാന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം എസ്‌ഐ അൻസാറും സംഘവും പറന്നെത്തി ഹർഹാനെ കയ്യോടെ പൊക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ 27കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. അതേസമയം, കാസർഗോഡ് കുമ്പളയിൽ വീടിന്‍റെ വാതിലുകള്‍ തകര്‍ത്ത് വൻ കവർച്ച നടന്നു.

അടുത്തടുത്തുള്ള രണ്ട് വീടുകളിൽ നിന്നായി 40 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയുമാണ് ഒറ്റ രാത്രിയില്‍ മോഷണം പോയത്. കുമ്പള സ്വദേശി വാസുദേവന്‍റേയും അയൽവാസി മോഹൻദാസിന്‍റേയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കർണാടക ബാങ്ക് ഉദ്യോഗസ്ഥനായ വാസുദേവന്‍റെ വീട്ടിലാണ് വൻ കവർച്ച ഉണ്ടായത്. ഇവിടെ നിന്നു മാത്രം 35 പവനും 15,000 രൂപയും നഷ്ടമായി. വീടിന്റെ പിറകുവശത്തെ ജനലിന്‍റെ ഇരുമ്പ് പാളി ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ വാസുദേവന്‍റ വീട്ടിനകത്തു കടന്നത്.

ബെംഗളൂരുവിലുള്ള ഭാര്യ വീട്ടിലായിരുന്നു മോഹൻദാസ് കഴിഞ്ഞ ദിവസം. ഇവിടെനിന്ന് ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തൊട്ടടുത്തുള്ള മോഹൻദാസിന്‍റെ വീട്ടിൽനിന്ന് കളവ് പോയത് മൂന്നര പവന്റെ സ്വർണാഭരണങ്ങളും 25,000 രൂപയുമാണ്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

സേനയിൽ അടിമുടി ക്ലീനിം​ഗ്; ഗുണ്ടാ - റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി അടുത്ത ബന്ധം, കൂടുതൽ പേർക്കെതിരെ നടപടി

click me!