മകളുടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ സിനിമ ആസ്വദിച്ച് സനുമോഹന്‍; കള്ളങ്ങള്‍ പൊളിച്ച് പൊലീസ്

By Web TeamFirst Published Apr 24, 2021, 12:41 AM IST
Highlights

കടബാധ്യതകളിൽ നിന്ന് രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാനായിരുന്നു സനുമോഹന്‍റെ ശ്രമമെന്നാണ് നിഗമനം. മകളുടെ അന്ത്യ കർമ്മങ്ങൾ നടക്കുമ്പോള്‍ കുറ്റബോധങ്ങളൊന്നുമില്ലാതെ കോയമ്പത്തൂരിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററിൽ ത്രില്ലർ സിനിമ കണ്ട് ആസ്വദിച്ചും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി വിലസുകയായിരുന്നു സനുമോഹൻ.

കൊച്ചി: വൈഗ കൊലക്കേസിൽ പിതാവ് സനുമോഹന്‍റെ പങ്ക് കൂടുതൽ വ്യക്തമാകുന്നു. മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന സനുമോഹന്‍റെ മൊഴി ശരിയല്ലെന്ന് തെളിവെടുപ്പിൽ വ്യക്തമായി. കടബാധ്യതകളിൽ നിന്ന് രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാനായിരുന്നു സനുമോഹന്‍റെ ശ്രമമെന്നാണ് നിഗമനം. മകളുടെ അന്ത്യ കർമ്മങ്ങൾ നടക്കുമ്പോള്‍ കുറ്റബോധങ്ങളൊന്നുമില്ലാതെ കോയമ്പത്തൂരിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററിൽ ത്രില്ലർ സിനിമ കണ്ട് ആസ്വദിച്ചും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി വിലസുകയായിരുന്നു സനുമോഹൻ.

13 വയസുകാരിയായ മകൾ വൈഗയെ അതിക്രൂരമായി കൊലപ്പെടുത്തി കേരളം വിട്ട സനുമോഹൻ ജീവിതത്തിന്‍റെ സര്‍വ ലഹരികളും നുണയുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കോയമ്പത്തൂരിലെയും സേലത്തെയും തെളിവെടുപ്പിലാണ് അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങൾ വ്യക്തമായത്. മകളെ കൊന്ന് കോയമ്പത്തൂരിലെത്തിയ സനുമോഹൻ സേലത്തിനടുത്തുള്ള തിയേറ്ററിൽ മലയാളത്തിലെയും കന്നഡയിലെയും ത്രില്ലർ സിനിമകൾ കണ്ട് ആസ്വദിക്കുകയായിരുന്നു.

കോയമ്പത്തൂരിലെ ചൂതാട്ട കേന്ദ്രങ്ങളിലും ബാറുകളിലും പോയി ലക്ഷങ്ങൾ പൊടിച്ചു. ഒമ്പത് ലക്ഷം രൂപയുമായാണ് സനുമോഹൻ കേരളം വിട്ടത്. വൈഗയെ കൊന്നതിന് ശേഷം ദേഹത്തുണ്ടായിരുന്ന മാലയും മോതിരവും ഊരിയെടുത്തത്, സനുമോഹൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്. വൈഗയുടെ സ്വർണം കോയമ്പത്തൂരിലാണ് സനുമോഹൻ പണയം വെച്ചത്. പണം നൽകാനുള്ളവരെ കബളിപ്പിച്ച് സനുമോഹൻ കേരളത്തിന് പുറത്ത് മറ്റൊരാളായി ജീവിക്കാനായിരിക്കാം പദ്ധതിയിട്ടത്. കടം കയറി വലഞ്ഞപ്പോൾ പരിഹാരം തേടി മന്ത്രവാദികളെ സനുമോഹൻ കണ്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രതി കോയമ്പത്തൂരിൽ വിറ്റ കാർ കൊച്ചിയിലെത്തിച്ചു. കാറിന്‍റെ ഫോറൻസിക്ക് പരിശോധന റിപ്പോർട്ട് കേസിൽ നിർണായകമാണ്. കോയമ്പത്തൂരിലെയും സേലത്തെയും തെളിവെടുപ്പുകൾ പൂർത്തിയാക്കി സനുമോഹനെ ബെംഗലൂരുവിലെത്തിച്ചിട്ടുണ്ട്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന മുംബൈയിലേക്കും അടുത്ത ദിവസങ്ങളിൽ ഗോവയിലേക്കും പോകും. തെളിവെടുപ്പിന്‍റെ അവസാന ദിവസമായിരിക്കും മൂകാംബികയിലേക്ക് കൊണ്ടു പോകുക.

ഈ അടുത്ത കാലത്ത് കേരള പൊലീസ് പ്രതിയെയും കൊണ്ട് നടത്തുന്ന ഏറ്റവും വലിയ തെളിവെടുപ്പാണ് വൈഗ കേസിലേത്. ഈ മാസം 29നാണ് സനുവിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കുക. തെളിവെടുപ്പ് പൂർത്തിയാക്കി സനുവിനെ കൊച്ചിയിലെത്തിക്കുന്ന ദിവസം ചില ബന്ധുക്കളോടും സുഹൃത്തുക്കളോടും തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്താൻ അറിയിച്ചിട്ടുണ്ട്. ഇവരെ ഒപ്പം നിർത്തി സനുമോഹനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. 
 

click me!