'കൊടി' കുത്തി ക്വട്ടേഷൻ, പുറത്ത് രാജാവായി വാണ് ഷാഫി, അനങ്ങാതെ ആഭ്യന്തര വകുപ്പ്

By Web TeamFirst Published Jul 16, 2021, 10:28 AM IST
Highlights

ടിപി വധക്കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്ന മുഹമ്മദ് ഷാഫിയും കിർമാണി മനോജുമടക്കം ആറ് പ്രതികൾ ഇപ്പോൾ പരോളിലാണ്. പരോളിലിറങ്ങി ഇവർ ചെയ്യുന്നത് സ്വർണക്കടത്ത് ക്വട്ടേഷനെന്ന് ആരോപണമുയരുമ്പോൾ, ഇത് ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നെങ്കിലുമുണ്ടോ?

കണ്ണൂർ: കോഴിക്കോട് രാമനാട്ടുകരയിൽ നടന്നത് അടക്കം സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫിയാണെന്ന് ആരോപണം ഉയരുമ്പോൾ പരിശോധിക്കാതെ സർക്കാർ. ഷാഫിയുടെ പങ്ക് വെളിവാക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിട്ടും കസ്റ്റംസ് റെയ്ഡും ചോദ്യം ചെയ്യലും ഉണ്ടായിട്ടും തടവുകാരൻ പരോൾ വ്യവസ്ഥകൾ ലംഘിച്ചോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നില്ല. കസ്റ്റംസ് പ്രതി ചേർത്താൽ അപ്പോൾ നോക്കാമെന്ന് പൊലീസ് പറയുന്നു. എന്നാൽ പരോളിലിറങ്ങിയ കുറ്റവാളി നിയമം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് പൊലീസാണെന്ന് ജയിൽ വകുപ്പും കൈ കഴുകുകയാണ് ഇപ്പോൾ. 

ടിപി വധക്കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്ന മുഹമ്മദ് ഷാഫിയും കിർമാണി മനോജുമടക്കം ആറ് പ്രതികൾ ഇപ്പോൾ പരോളിലാണ്. പരോളിലിറങ്ങി ഇവർ ചെയ്യുന്നത് സ്വർണക്കടത്ത് ക്വട്ടേഷനെന്ന് ആരോപണമുയരുമ്പോൾ, ഇത് ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നെങ്കിലുമുണ്ടോ?

തടവുപുള്ളികൾക്കുള്ള മനുഷ്യാവകാശം സംരക്ഷിക്കാനാണ് പരോൾ. പുറത്തിറങ്ങുന്ന തടവുകാർ പൊലീസിന്‍റെ കർശന നിരീക്ഷണത്തിലായിരിക്കും. ബോണ്ട് വ്യവസ്ഥ ലംഘിച്ചാൽ ഉടൻ പരോൾ റദ്ദ് ചെയ്ത് തിരികെ ജയിലിൽ അടയ്ക്കണമെന്നാണ് പ്രിസൺസ് ആന്‍റ് കറക്ഷൻ മാനേജ്മെന്‍റ് ആക്ട് 2010-ൽ പറയുന്നത്. 

പരോളിലിറങ്ങിയ മുഹമ്മദ് ഷാഫി സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ പങ്കാളിയാണ് എന്ന് കസ്റ്റംസിന്‍റെ പിടിയിലുള്ള ക്യാരിയർ മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്. ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നിട്ടും ഷാഫി പരോൾ വ്യവസ്ഥ ലംഘിച്ചോ എന്ന് ആഭ്യന്തരവകുപ്പ് പരിശോധിക്കാത്തത് എന്തുകൊണ്ടാണ്?

''പരോളിലിറങ്ങിയാൽ മറ്റൊരു കുറ്റകൃത്യത്തിൽ കൂട്ടു നിൽക്കുകയോ ഗൂഢാലോചന നടത്തുകയോ പങ്കെടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതൊരു അത്യപൂർവമായ കുറ്റകൃത്യമാണ് കേരളത്തിൽ നടക്കുന്നത്. പരോൾ റദ്ദാക്കി, പരോൾ ചട്ടങ്ങൾ ലംഘിച്ചതിന് പുതിയ കേസെടുക്കേണ്ടതാണ്. ഇതൊന്നും നടക്കാത്തത് ഉന്നതരായ പേട്രണുമാരുടെ സംരക്ഷണമുള്ളതുകൊണ്ടാണ്'', എന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസഫലി പറയുന്നു. 

കടത്ത് സ്വർണ്ണം പിടിച്ചുപറിക്കുന്ന ക്വട്ടേഷൻ ജയിലിന് പുറത്തുനിന്ന് ഷാഫിയും വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കൊടിസുനിയും നേതൃത്വം കൊടുക്കുന്നു എന്ന് പറയുന്ന ഒന്നിലേറെ ശബ്ദരേഖ പുറത്തുവന്നിരുന്നു. അന്ന് തന്‍റെ പരോൾ റദ്ദായിപ്പോകുമോ എന്നായിരുന്നു ഷാഫിയുടെ ആശങ്ക. അതേക്കുറിച്ച് ഷാഫി പറയുന്ന ഓഡിയോയും പുറത്ത് വന്നിരുന്നു. 

ക്വട്ടേഷനുകളെക്കുറിച്ച് നേരിട്ട് പരാമർശിക്കുന്ന ഒരു ക്വട്ടേഷൻ ആസൂത്രകന്‍റെ ശബ്ദരേഖ ഇങ്ങനെയാണ്: 

ക്വട്ടേഷൻ ആസൂത്രകന്‍റെ ഓഡിയോ ഇങ്ങനെയാണ്: ''എയർപോർട്ടിൽ ഞങ്ങളുടെ സംഘം എത്തും. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ കൂടെയുണ്ടാകും. സ്വ‍ർണ്ണം നഷ്ടപ്പെട്ടവർ അന്വേഷിച്ചു വന്നാൽ ഷാഫിക്കയെക്കൊണ്ടോ സുനിയേട്ടനെക്കൊണ്ടോ വിളിപ്പിക്കും''

പരോളിലിറങ്ങിയിട്ടും ഇത്രയും നിയമനടപടി നേരിട്ട ഷാഫിയുടെ കാര്യത്തിൽ തത്കാലം ഒരു അന്വേഷണവും വേണ്ട എന്ന തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!