മുക്കം ഇരട്ടക്കൊല: ലോക്ക് ഡൗണില്‍ ചായക്കട തുറപ്പിച്ച് പൊലീസ് തെളിവെടുത്തു

By Web TeamFirst Published Apr 16, 2020, 11:48 PM IST
Highlights

സ്വത്ത് തട്ടിയെടുക്കാൻ സുഹൃത്ത് ഇസ്മായിലിന്‍റെ സഹായത്തോടെയാണ് ബിർജു അമ്മയെ കൊലപ്പെടുത്തിയത്

കോഴിക്കോട്: മുക്കം ഇരട്ടക്കൊലപാതക കേസ് പ്രതി ബിർജുവുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ബിർജുവിന്‍റെ അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്. മണാശ്ശേരിയിലെ വീട്ടിലും ചായക്കടയിലും ആണ് തെളിവെടുപ്പ് നടത്തിയത്. സ്വത്ത് തട്ടിയെടുക്കാൻ സുഹൃത്ത് ഇസ്മായിലിന്‍റെ സഹായത്തോടെയാണ് ബിർജു അമ്മയെ കൊലപ്പെടുത്തിയത്. 

രാവിലെയാണ് ബിർജുവിനെ തെളിവെടുപ്പിനായി മണാശ്ശേരിയിലെ വീട്ടിൽ എത്തിച്ചത്. ഇസ്മായിലിന്‍റെ സഹായത്തോടെ ജയവല്ലിയുടെ കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയിൽ കെട്ടി തൂക്കുകയായിരുന്നുവെന്ന് ബിർജു അന്വേഷണ സംഘത്തിന് മൊഴി നൽകി. കൊലപാതകം നടത്തിയ സ്ഥലവും പ്രതി പൊലീസിന് കാണിച്ച് കൊടുത്തു. ബിർജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബെഡ് ഷീറ്റും വസ്ത്രങ്ങളും ഉൾപ്പടെയുള്ള തെളിവുകൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

Read more: മുക്കം ഇരട്ടക്കൊലപാതകം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

ഉച്ചയോടെ മുക്കം ബസ്റ്റാന്‍റിന് സമീപത്തെ ചായക്കടയിലും ബിർജുവിനെ എത്തിച്ചു. ലോക് ഡൗണിൽ അടച്ചിട്ട കട തുറപ്പിച്ചായിരുന്നു തെളിവെടുപ്പ്. ഇവിടെ വെച്ചാണ് താനും ഇസ്മായിലും കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി സമ്മതിച്ചു. തെളിവെടുപ്പ് നാളെയും തുടരും. ബിർജുവിന്‍റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. നാളെ തെളിവെടുപ്പ് പൂർത്തിയായില്ലെങ്കിൽ ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

click me!