
ഹാസൻ: 30 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളുമായി വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവതിയെ കാണാതായി. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലുള്ള കൽക്കരെ എന്ന സ്ഥലത്താണ് സംഭവം. ദുരൂഹ സാഹചര്യത്തിൽ കാണാതായ 29കാരിയുടെ അടിവസ്ത്രങ്ങളും ചെരിപ്പും ബാഗും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ ജീവൻ അപകടത്തിലാണെന്ന ആശങ്കയിലാണ് വീട്ടുകാരുള്ളത്. തുംകൂർ ജില്ലയിലെ കുനിഗൽ സ്വദേശിനിയായ പ്രിയങ്കയെയാണ് കാണാതായത്. സംഭവത്തിൽ പൊലീസിന്റെ വീഴ്ചയുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. ചിക്കമംഗളൂരിൽ നടന്ന കല്യാണത്തിൽ പങ്കെടുക്കാനാണ് യുവതി എത്തിയത്.
ഫെബ്രുവരി 12 രാത്രി ഏഴരയോടെ പ്രിയങ്ക വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പരിചയമുള്ള ആരെയോ കണ്ടുവെന്ന് യുവതി പറഞ്ഞതിന് പിന്നാലെ ഫോൺ കട്ടായി. പിന്നാലെ യുവതിയുടെ ഫോൺ സ്വിച്ച് ഓഫാവുകയും ചെയ്തു. ബേലൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് യുവതിയെ കാണാതായത്. യുവതി കാണാതാവുന്ന സമയത്ത് 30 ലക്ഷം വില വരുന്ന സ്വർണാഭരണങ്ങൾ ധരിച്ചിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതിനാലാണ് ഇത്രയധികം സ്വർണം അണിഞ്ഞതെന്നും കുടുംബം പറയുന്നത്. സ്വർണം ലക്ഷ്യമിട്ട് മോഷ്ടാക്കൾ യുവതിയെ ആക്രമിച്ചുവെന്ന ആശങ്കയിലാണ് കുടുംബമുള്ളത്.
പ്രിയങ്കയുടെ ഫോൺ സ്വിച്ച് ഓഫായതിന് പിന്നാലെ പൊലീസിൽ പരാതി നൽകാൻ ബന്ധുക്കൾ അരഹള്ളി, ബേലൂർ പൊലീസ് സ്റ്റേഷനുകളിൽ എത്തിയിരുന്നുവെന്നും എന്നാൽ ഉടനടി നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. നിലവിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പമാണ് പ്രിയങ്ക വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. പൊലീസ് നടത്തിയ തെരച്ചിലിലാണ് സംഭവ സ്ഥലത്ത് യുവതിയുടെ ബാഗും ചെരിപ്പും അടിവസ്ത്രങ്ങളും കണ്ടെത്തിയത്. ഇതിന് പിന്നാലെ ഹാസൻ റൂറൽ പൊലീസ് യുവതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam