'ജയിൽ ജീവനക്കാർ മകനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി', ആരോപണവുമായി നരിയംപാറ പീഡനക്കേസ് പ്രതിയുടെ പിതാവ്

By Web TeamFirst Published Nov 7, 2020, 10:12 AM IST
Highlights

'ബിജെപിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ബിജെപി പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിച്ചതാണ് രണ്ട് കുട്ടികളുടെ ജീവൻ എടുത്തതെന്നും മനോജ് ആരോപിച്ചു'

ഇടുക്കി: കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായ ബന്ധുക്കൾ രംഗത്ത്. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും രണ്ട് പേരുടെ ജീവനെടുത്തത് സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ബിജെപിയുടെ രാഷ്ട്രീയ കളിയാണെന്നും അച്ഛൻ മനോജ് ആരോപിച്ചു. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 

'മനുവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയായാൽ വിവാഹം നടത്താൻ രണ്ട് വീട്ടുകാരും  ചേർന്ന് തീരുമാനിച്ചതാണ്. എന്നാൽ പിന്നീട് പെൺകുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് കേസ് നൽകുകയായിരുന്നു. ഇയാളാണ് കേസിന് പിന്നിൽ പ്രവർത്തിച്ചത്. ഇയാളുടെ സമ്മർദ്ദത്തിൽ ജയിൽ ജീവനക്കാർ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നും മനോജ് ആരോപിച്ചു.

ബിജെപി പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിച്ചതാണ് രണ്ട് കുട്ടികളുടെ ജീവൻ എടുത്തതെന്നും മനോജ് ആരോപിച്ചു. 'ബിജെപിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്'. മുഖ്യമന്ത്രിക്ക്  പരാതി നൽകുമെന്നും മനോജ് വ്യക്തമാക്കി.

ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന മരിച്ച മനു നരിയമ്പാറയിൽ ഓട്ടോ ഡ്രൈവറായിരുന്നു. റിമാൻഡിൽ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ മനു ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തത് ശ്രദ്ധയിൽപെട്ട ജീവനക്കാർ നോക്കിയപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ നൽകിയ വിശദീകരണം. ആത്മഹത്യയ്ക്ക് ശ്രമിച്ച പീഡനത്തിന് ഇരയായ പെൺകുട്ടിചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ച മനു മനോജിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. 

click me!