
മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍റെ കൊലപാതകക്കേസിൽ കൂട്ടുപ്രതിയായ നൗഷാദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഷാബാ ഷെരീഫിനെ (Shaba Sherif) തടവില്‍ പാര്‍പ്പിച്ച ഷൈബിന്‍ അഷ്റഫിന്‍റെ വീട്ടിലാണ് അന്വേണ സംഘം പരിശോധന നടത്തിയത്. കുളിമുറിയുടെ പൈപ്പുകള്‍ മുറിച്ച് അന്വേഷണ സംഘം പരിശോധിച്ചു. കൊല്ലപ്പെട്ട വൈദ്യന്‍റെ രക്തക്കറ കണ്ടെത്താനാണ് ശ്രമം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസില്‍ പിടിയിലാകാനുള്ള നാല് പേർ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന.
കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ കൂട്ടുപ്രതി നൗഷാദിനെ ആദ്യം കൊലപാതകം നടത്തിയ നിലമ്പൂരിലെ ഇരുനില വീടിന്‍റെ മുകൾ നിലയിലെത്തിച്ചു. മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറിയിൽ എത്തിച്ചു ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വഡ് ഫോറൻസിക് വിദഗ്ദർ എന്നിവരുടെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. മൃതദേഹഭാഗങ്ങൾ രണ്ട് വർഷം മുമ്പ് വലിച്ചെറിഞ്ഞ എടവണ്ണ സീതിഹാജി പാലത്തിലും തെളിവെടുപ്പ് നടത്തും. മൃതദേഹ ആവശിഷ്ടങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള കേസിൽ പരമാവധി ശാസ്ത്രീയ സാഹചര്യ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം, രക്തക്കറയുള്ള ആയുധങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈദ്യനെ മൈസൂരുവിൽ നിന്നും തട്ടിക്കൊണ്ട് വരാൻ സഹായിച്ച മറ്റ് നാല് പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന. റിമാൻഡിലുള്ള ഷൈബിൻ അഷ്‌റഫ് ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അടുത്ത ദിവസം അപേക്ഷ നൽകും.
2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം.
ഒന്നേ കാൽ വര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിഞ്ഞു.
Also Read: ഒന്നേകാൽ വർഷത്തെ നരകയാതന, ശേഷം കൊലപാതകം, പിന്നെ വെട്ടിനുറുക്കി ചാലിയാറിലേക്ക്
പ്രതികൾ ആസൂത്രണം ചെയ്ത പോലെ കൊലപാതക വിവരം പുറത്താരും അറിഞ്ഞില്ലെങ്കിലും ഇരുകൂട്ടരും തമ്മിൽ ഇതിനിടെ തെറ്റിപ്പിരിഞ്ഞു. ഷൈബിനും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടയിലാണ് 2022 ഏപ്രിൽ 24-ന് തന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി കൊള്ളനടത്തി എന്ന പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചത്. തന്നെ വീട്ടിൽ ബന്ദിയാക്കി ഏഴ് ലക്ഷം രൂപയും ലാപ്പ്ടോപ്പും മൊബൈലും കവർന്നു എന്നായിരുന്നു പരാതി.
ഈ കേസിൽ ഷൈബിൻ്റെ മുൻകൂട്ടാളിയായ അഷ്റഫ് എന്നയാളെ പൊലീസ് വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും പിടികൂടി. ഇതിന് തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മറ്റു പ്രതികൾ ആത്മഹത്യ നാടകം നടത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും പൊലീസ് കസ്റ്റഡിലെടുത്തു. ചോദ്യം ചെയ്യല്ലിൽ തങ്ങൾക്ക് ഷൈബിൻ അഹമ്മദ് എന്നയാളിൽ നിന്നും വധഭീഷണിയുണ്ടെന്ന് ഇവർ പറഞ്ഞു, ഇതേക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞതും മോഷണക്കേസിലെ പരാതിക്കാരനായ ഷൈബിൻ കൊലക്കേസിൽ പ്രതിയായതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam