
കുന്തളംപാറ: ഇടുക്കി കട്ടപ്പനയ്ക്കടുത്തെ കുന്തളംപാറയിൽ ബലാത്സംഗ ശ്രമം ചെറുത്ത വൃദ്ധയെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. വൃദ്ധയുടെ അയൽവാസി മണിയെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 14നാണ് കുന്തളംപാറ സ്വദേശിയായ അറുപത്തഞ്ചുകാരി അമ്മിണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരടിയോളം താഴ്ചയിൽ സാരിയിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ജീർണാവസ്ഥയിലായ മൃതദേഹത്തിന് ഒന്നരമാസത്തോളം പഴക്കമുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിൽ അയൽവാസി മണിയെ ഒരു മാസമായി കാണാനില്ലെന്ന് വ്യക്തമായി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തേനിയിലെ ആക്രിക്കടയിൽ ജോലിയ്ക്ക് നിൽക്കുകയായിരുന്ന മണിയെ പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
ലോക്ഡൗണിന് മുന്പ് തമിഴ്നാട്ടിലേക്ക് പോയ അമ്മിണിയുടെ ഭർത്താവ് അവിടെ കുടുങ്ങി. അമ്മിണി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ 43കാരനായ മണി കഴിഞ്ഞ ജൂൺ രണ്ടിന് രാത്രി അമ്മിണിയുടെ വീട്ടിലെത്തി. കട്ടിലിൽ കിടക്കുകയായിരുന്ന അമ്മിണിയെ കടന്നുപിടിച്ചു. അമ്മിണി ബഹളം വച്ചു ഇത് ചെറുത്തു. ഇതോടെ കയ്യിൽ കരുതിയിരുന്ന പേനാക്കാത്തി തൊണ്ടക്കുഴിയിൽ വച്ച് മണി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ശ്രമിച്ചു.
തുടർന്നുണ്ടായ പിടിവലിയ്ക്കിടയിൽ പ്രതി അമ്മിണിയുടെ തൊണ്ടയിൽ കത്തി കുത്തിയിറക്കി. മരണം ഉറപ്പാക്കിയ ശേഷം മണി വീട്ടിലേക്ക് പോയി. തുടർന്നുള്ള മൂന്ന് ദിവസം ഒന്നും സംഭവിക്കാത്ത പോലെ മണി കൂലിപ്പണിയ്ക്ക് പോയി. നാലാം ദിവസം രാത്രി അയൽവാസിയുടെ വീട്ടിൽ നിന്ന് വാങ്ങി കൊണ്ടുവന്ന തൂമ്പ ഉപയോഗിച്ച് അമ്മിണിയുടെ വീടിന് താഴെ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തു. പിന്നാലെ പച്ചക്കറി വണ്ടിയിൽ കയറി തേനിയിലേക്ക് പോയി.
കുന്തളംപാറയിൽ ജീർണ്ണാവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തി
വീട് അടച്ചിട്ടിരുന്നതിനാൽ അമ്മിണി തമിഴ്നാട്ടിലെ ഭർത്താവിന്‍റെ അടുത്തേക്ക് പോയെന്നായിരുന്നു അയൽവാസികൾ കരുതിയത്. പിന്നീട് ഇവരെ മൊബൈൽ ഫോണിൽ കിട്ടാതെ വന്നതോടെയാണ് ബന്ധുക്കൾ അന്വേഷിക്കുന്നതും പോലീസിസിൽ പരാതി നൽകിയതു. ഇതിനേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മണിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam