കട്ടപ്പന: ഇടുക്കി കട്ടപ്പനയ്ക്കടുത്ത് കുന്തളംപാറയിൽ ജീർണ്ണാവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തി. സാരിയിൽപൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. കൊലപാതമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

മണ്ണ് ഇളകി കിടക്കുന്നത് കണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരടിയോളം താഴ്ചയിൽ സാരിയിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. വൃദ്ധയായ സ്ത്രീയുടെ മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നത്.

മുഖമടക്കം അഴുകിയ നിലയിലായതിനാൽ ആരെന്ന് വ്യക്തമാവാൻ ശാസ്ത്രീയ പരിശോധനവേണം. പ്രദേശത്ത് നിന്ന് കഴിഞ്ഞമാസം കാണാതായ വൃദ്ധയുടേതാവാം മൃതദേഹമെന്നാണ് പൊലീസിന്റെ പ്രധാന സംശയം. ഇവരെ കാണാനില്ലെന്ന് ബന്ധു കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. കോട്ടയത്ത് നിന്ന് ഫോറൻസിക് സംഘം നാളയെ എത്തുകയുള്ളൂ. അവരുടെ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. 

കൊലപാതത്തിന്റെ സാധ്യതകളാണ് പൊലീസ് കാണുന്നത്.മൃതദേഹം മറവ് ചെയ്തിരിക്കുന്നത് അധികം ആഴത്തിൽ അല്ലെന്നതും, സാരിയിൽ പൊതിഞ്ഞ നിലയിൽ കണ്ടതുമാണ് ദുരൂഹത ഉണ്ടാക്കുന്നത്.കാണാതായ സ്ത്രീയുടെ ബന്ധുക്കളും അയൽവാസികളും ഉൾപ്പടെയുള്ളവരിൽ നിന്ന് പൊലീസ് മൊഴിയെടുക്കാൻ തുടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് അന്വേഷണം കൂടുതൽ ശക്തമാക്കും.