
തിരുവനന്തപുരം: ബിഎസ്എൻഎൽ എഞ്ചിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇന്നലെ പിടിയിലായ സംഘം ക്ലർക്ക് രാജീവന്റെ ബിനാമി ഹരികുമാറിനെയാണ് ഇന്ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഘത്തിൽ നിന്നും വെട്ടിച്ച പണം ഇരുവരും ചേർന്ന് രൂപീകരിച്ച സർജിക്കൽ സാധനങ്ങൾ വിൽക്കുന്ന കമ്പനിയിൽ നിഷേപിക്കുകയായിരുന്നു. ഇവർ നാഗർകോവിലിൽ ഭൂമി വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
നാഗര്‍കോവിലിൽ നിന്ന് മൂന്നാറിലേക്ക് കാറിൽ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഹകരണ സംഘം ക്ലാര്‍ക്ക് ആയിരുന്ന രാജീവിനെ ഇന്നലെ അന്വേഷണസംഘം പിടികൂടിയത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രാജീവിനെ പിടികൂടിയത്. സഹകരണസംഘം പ്രസിഡന്‍റും ഒന്നാം പ്രതിയുമായ എ.ആര്‍.ഗോപിനാഥന്‍റെ പ്രധാന സഹായിയായിരുന്നു രാജീവ്. കേസിൽ ഇതുവരെ അഞ്ച് പ്രതികളാണ് പിടിയിലായത്. ആറ്പ്രതികൾ പിടിയിലാകാനുണ്ട്. വ്യാജ രസീതുകൾ നൽകിയും കൃത്രിമ രേഖകൾ ചമച്ചുമാണ് തട്ടിപ്പുസംഘം നിക്ഷേപകരുടെ പേരിൽ വായ്പയെടുത്ത് കബളിപ്പിച്ചത്. തിരുവനന്തപുരം നഗരമധ്യത്തിലെ സഹകരണ സംഘത്തില്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് സ്വയം വിരമിച്ചവരാണ് കൂടുതലും നിക്ഷേപിച്ചത്. രണ്ട് കോടി രൂപവരെ നിക്ഷേപിച്ചവരും ഉണ്ട്. നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങളാണ് പ്രതികള്‍ വായ്പ എടുത്തത്. നിക്ഷേപിച്ച തുക രജിസ്റ്ററില്‍ കാണിക്കാതെ തട്ടിയെടുക്കുകയും ചെയ്തു.
മുപ്പത് വര്‍ഷത്തോളം പാരമ്പര്യമുള്ള സഹകരണ സംഘത്തില്‍ ഗോപിനാഥന്‍ നായരോടുള്ള വിശ്വാസ്യതയാണ് പലര്‍ക്കും കെണിയായത്. നിക്ഷേപിച്ച തുക പലർക്കും കിട്ടാതായതോടെയാണ് നവംബര്‍ 25 ന് ഏഷ്യാനെറ്റ്ന്യൂസ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഗോപിനാഥന്‍ നായരും ജീവനക്കാരനായ രാജീവും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലാണ് പ്രധാനമായും പണം നിക്ഷേപിച്ചത്. ഇതില്‍ പലതും തിരിച്ചുപിടിക്കാനുള്ള നീക്കവും സഹകരണ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഷോപ്പിംഗ് കോംപ്ലക്സുകളും വീടുകളും ഭൂമിയും സ്വകാര്യ ധനകാര്യ സ്ഥാപനവുമടക്കം കോടികളുടെ സമ്പാദ്യമാണ് ഇരുവരും ഉണ്ടാക്കിയത്. ബിഎസ്എന്‍എല്ലില്‍ വിരമിക്കും വരെ ജോലി ചെയ്ത് ഉണ്ടാക്കിയ ആകെയുള്ള സമ്പാദ്യമാണ് പലരുടെയും നഷ്ടമായത്.
Read Also; വന്ദേഭാരത് മംഗലുരു വരെ നീട്ടണം; കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam