പാലക്കാട് ഹണിട്രാപ്പ്, പിടിയിലായത് ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ദമ്പതികൾ

By Web TeamFirst Published Aug 30, 2022, 6:48 PM IST
Highlights

ഇതിൽ പാലാ സ്വദേശി ശരത്താണ് മുഖ്യസൂത്രധാരൻ. തേൻകെണിയൊരുക്കാൻ ശരത് തയ്യാറാക്കുന്നത് വൻ പദ്ധതികളാണെന്നാണ് പൊലീസ് പറയുന്നത്. 

തൃശൂര്‍ : ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ ആറംഗ സംഘം വലവിരിച്ചത് ഫേസ്ബുക്കിൽ. ഫേസ്ബുക്കിലൂടെ സൌഹൃദം നടിച്ചാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്ത പാലക്കാട് ടൌൺ സൌത്ത് പൊലീസ് നൽകിയ വിവരം. കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ പാലാ സ്വദേശി ശരത്താണ് മുഖ്യസൂത്രധാരൻ. സൂത്രധാരനായ ശരത്തിൻ്റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ ഉണ്ട്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും. സംഘം മുമ്പ് സമാന തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

'തേൻകെണിയൊരുക്കാൻ' ശരത് തയ്യാറാക്കുന്നത് വൻ പദ്ധതികളാണെന്നാണ് പൊലീസ് പറയുന്നത്. ഒരു വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും തട്ടിപ്പിന് കളമൊരുക്കാൻ ഉപയോഗിക്കും. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയതോടെ യുവതിയെക്കൊണ്ട് തുടർ സന്ദേശം അയപ്പിച്ചു. പിന്നാലെ വിശ്വാസം ആർജിക്കും. ഒടുവിലാണ് കെണിയിൽ വീഴ്ത്തലും തട്ടിപ്പും നടത്തുക. 

എഞ്ചിനീയറിംഗ് ബിരുദം, ആഡംബര ജീവിതം; മാവേലിക്കരയില്‍ 21 കിലോ കഞ്ചാവുമായി 'ഇക്രുവും പക്രുവും' പിടിയില്‍

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറിൽ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ സംഘം വാടകയ്ക്ക് എടുത്തു. പിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വച്ച്  ഇരുവരും കണ്ടുമുട്ടി. വീട്ടിൽ അമ്മമാത്രമേ ഉള്ളൂ എന്നും, ഭർത്താവ് വിദേശത്തെന്നുമായിരുന്നു വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്. 

വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ് കൂടെയുള്ളവ‍ര്‍ക്ക് ഒപ്പം ചേർന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം  എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ കൊണ്ടുപോയി തുടർ തട്ടിപ്പിനായിരുന്നു നീക്കം. 

യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട് എത്തി ടൌൺ സൌത്ത് പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

click me!