
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ബിജെപി നേതാവായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയത്. ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്. തലശ്ശേരി പ്രത്യേക പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ബിജെപി നേതാവ് കുനിയിൽ പത്മരാജനാണ് കേസിലെ പ്രതി. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. അധ്യാപകൻ പത്മരാജൻ പെൺകുട്ടിയെ മർദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. അഞ്ച് കുട്ടികളെ അധ്യാപകൻ മർദിച്ചതായി കുറ്റപത്രത്തിലുണ്ട്. കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചോ എന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും കുട്ടിയുടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കുട്ടിയെ കൂടുതൽ കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷം മൊഴിയെടുക്കണം. കൊവിഡ് സാഹചര്യത്തിൽ ഫോറൻസിക് പരിശോധന ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഈ പരിശോധനകൾ പൂർത്തിയായ ശേഷം അനുബന്ധ കുറ്റപത്രം സമർപ്പിക്കും. കേസില്‍ പോക്സോ നിയമപ്രകാരമുളള അന്വേഷണം തുടരുമെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി എസ് ശ്രീജിത്ത് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam