
പത്തനംതിട്ട: ഉത്ര വധക്കേസിൽ പരസ്യമായി കുറ്റമേറ്റ് ഭർത്താവ് സൂരജ്. മാധ്യമങ്ങൾക്ക് മുന്നിൽ ഉറക്കെ കരഞ്ഞുകൊണ്ട് കുറ്റമേറ്റ് പറയുകയായിരുന്നു സൂരജ്. ഉത്ര മരിച്ച ശേഷം ആദ്യമായി വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഞാൻ ചെയ്തിട്ടില്ല അച്ഛാ എന്ന് ഉറക്കെ കരഞ്ഞ അതേ സൂരജ് ഇപ്പോൾ കൊലപാതകത്തിന് പിന്നിൽ താനാണെന്ന് കരഞ്ഞ് സമ്മതിക്കുന്നു. അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയമായി സൂരജ് കുറ്റം സമ്മതിക്കുന്നത്.
ആരോപണം നിങ്ങളുടെ കുടുംബത്തിന് നേരെയാണ് നീളുന്നത്, എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ''ഞാനാണ് കൊന്നത്. ഞാനാ ചെയ്തത്. ചെയ്ത് പോയി. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാ. അങ്ങനെ ചെയ്ത് പോയി'', എന്നാണ് സൂരജ് പറഞ്ഞത്.
എന്താ കാരണം, ഇതിന് വല്ല പ്രേരണയുമുണ്ടോ എന്ന് സൂരജിനോട് മാധ്യമപ്രവർത്തകർ ചോദിച്ചു. ''അങ്ങനെ ചെയ്ത് പോയി, അങ്ങനെയൊന്നുമില്ല'', എന്ന് സൂരജ് പറയുന്നു. ഇതിന് വല്ല പ്രത്യേകലക്ഷ്യവുമുണ്ടായിരുന്നോ എന്ന് സൂരജിനോട് ചോദിക്കുമ്പോൾ, ഇല്ല എന്നാണ് മറുപടി. വീട്ടുകാർക്ക് പങ്കുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും കരഞ്ഞുകൊണ്ട് പറയുന്നു സൂരജ്. കൊലപാതകത്തിന് വല്ല കാരണവുമുണ്ടോ എന്ന് ചോദിക്കുമ്പോഴും ഇല്ലെന്ന് മറുപടി.
കൊല്ലുക എന്ന ലക്ഷ്യത്തോടെയാണോ പാമ്പിനെ വാങ്ങിയത് എന്ന ചോദ്യത്തിന് ''ഉം, അതെ'', എന്ന് സൂരജ് പറയുന്നു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഇതിൽ പങ്കുണ്ടോ എന്ന ചോദ്യത്തിനെല്ലാം ഇല്ല എന്ന് മാത്രമാണ് മറുപടി.
അതേസമയം, കേസിൽ കൂട്ടുപ്രതിയായ സുരേഷും കരഞ്ഞുകൊണ്ട് തന്നെയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ''ഇനി ഈ കേരളത്തിൽ ആർക്കും ഇത് പോലെ വരരുത്. ഒരു കൊച്ചിനും ഇത് പോലെ വരരുത്. എനിക്കും ഒരു പെൺകൊച്ചാണ്. ഇങ്ങനെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയത് എന്ന് എനിക്കറിയില്ലായിരുന്നു'', എന്ന് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് പറയുന്നു.
രണ്ട് തവണയാണ് ഉത്രയെ കൊല്ലാൻ സൂരജ് പാമ്പിനെ വാങ്ങിയത്. മാർച്ച് 2-നും മാർച്ച് 26-നും ഉത്രയെ പാമ്പിനെ വിട്ട് കടിപ്പിച്ച് കൊല്ലാൻ സൂരജ് ശ്രമിച്ചു. മാർച്ച് 26-ന് രാത്രി ഉത്രയെ പാമ്പിനെ വിട്ട് കടിപ്പിച്ചപ്പോൾ ഉത്ര മരിക്കുകയായിരുന്നു. എത്ര കാലം ഇതിനായി പദ്ധതിയിട്ടു എന്ന് സൂരജിനോട് ചോദിച്ചപ്പോൾ സൂരജ് മറുപടിയില്ലാതെ പൊട്ടിക്കരയുകയായിരുന്നു.
അതേസമയം, ഇത്തരത്തിൽ കരഞ്ഞുകൊണ്ട് സൂരജ് നാടകം കളിക്കുകയാണെന്നാണ് ഉത്രയുടെ സഹോദരൻ വിഷു പറയുന്നത്. സൂരജിന്‍റെ അമ്മയും സഹോദരിയും കുടുങ്ങുമെന്നായപ്പോൾ അവരെ രക്ഷിക്കാനായി സൂരജ് നാടകം കളിക്കുകയാണ്. അവർ പുറത്തുണ്ടെങ്കിൽ സൂരജിനെ എങ്ങനെയെങ്കിലും പുറത്തുകൊണ്ടുവരുമെന്ന് സൂരജിന് അറിയാമെന്നും വിഷു ആരോപിക്കുന്നു.
കേസിൽ സൂരജിന്‍റെ അച്ഛൻ ഇപ്പോൾ റിമാൻഡിലാണ്. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്യും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സമാനതകളില്ലാത്ത കേസിലെ പ്രതിയാണ് താനാണ് കുറ്റം ചെയ്തതെന്ന് സമ്മതിക്കുന്നത്. ഇതാദ്യമായാണ് സൂരജ് ഇത്തരത്തിൽ കുറ്റസമ്മതം നടത്തുന്നത്. ഇത് കേസിൽ നിർണായകമാവുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam