വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കൾ സമരത്തിലേക്ക്

By Web TeamFirst Published Aug 29, 2020, 12:54 AM IST
Highlights

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കൾ സമരത്തിലേക്ക്. 

പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കൾ സമരത്തിലേക്ക്. കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് നേരെ നടപടി വേണമെന്നും ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ പുനരന്യേഷണം വേണമെന്നും ആവശ്യപ്പെട്ട് സമരം തുടങ്ങാനാണ് തീരുമാനം.

മൂന്ന് വർഷം മുമ്പാണ് വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്തവരിൽ കുറ്റം തെളിയിക്കാൻ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരിൽ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാംപ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു. നീതി നിഷേധിക്കപ്പെട്ട കുടുംബം നിയമപോരോട്ടം തുടരുകയാണ്. ഇതിനൊപ്പമാണ് സമരരംഗത്തേക്കും ഇറങ്ങാനുള്ള തീരുമാനം.

ഗൂഡാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ആരോപണവിധേയനായ ഡിവൈഎസ്പി എംജി സോജന് സ്ഥാനകയറ്റം നൽകിയത് റദ്ധാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.

നേരത്തെ വാളയാർ സമരസമതി ഹൈക്കോടതിക്ക് മുന്നിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് വാളയാർ നീതിയാത്രയും സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽകെട്ടി സമരവും നടത്തിയിരുന്നു. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ നിർത്തിവച്ച പ്രതിഷേധങ്ങൾ വീണ്ടും ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

click me!