45 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കിൽ 52 ലിറ്റർ പെട്രോൾ അടിച്ചെന്ന് പമ്പ് ജീവനക്കാർ, നിർത്തിപ്പൊരിച്ച് കാർ ഉടമ, പരാതി

Published : Jun 02, 2026, 11:14 AM IST
fuel price

Synopsis

അളവ് തൂക്ക വിഭാഗത്തിലെ പ്രാദേശിക ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ വ്യവസ്ഥാപിത തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചാണ് പരാതി

കാൺപൂർ: 45 ലിറ്റർ മാത്രം ശേഷിയുള്ള കാറിന്റെ ഇന്ധന ടാങ്കിൽ 52 ലിറ്റർ പെട്രോൾ അടിച്ചതിന്റെ ബില്ല് നൽകി പമ്പ് ജീവനക്കാർ. ഗുരുതര ആരോപണവുമായി യുവാവ്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് 45 ലിറ്റർ മാത്രം ശേഷിയുള്ള കാറിന്റെ ഇന്ധന ടാങ്കിൽ 52 ലിറ്റർ പെട്രോൾ അടിച്ചതായി കാണിച്ച് ബില്ല് നൽകിയത്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. പുത്തൻ വോക്സ്‌വാഗൻ വിർടസ് കാറിൽ പെട്രോൾ അടിക്കാനെത്തിയ ചരൺ സിംഗ് എന്നയാൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കാറിന്റെ ഇന്ധന സൂചികയിൽ പെട്രോൾ തീരാറായതായി കണ്ടതിനെത്തുടർന്നാണ് ചരൺ സിംഗ് ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിൽ കയറിയത്.

തുടക്കത്തിൽ പമ്പ് ജീവനക്കാർ ഏകദേശം 41 ലിറ്റർ ഇന്ധനം കാറിൽ നിറച്ചു. എന്നാൽ ഈ സമയത്ത് അവർ പെട്ടെന്ന് പെട്രോൾ അടിക്കുന്നത് നിർത്തിയപ്പോൾ ചരൺ സിംഗ് ഇതിനെക്കുറിച്ച് ചോദ്യം ചെയ്തു. വലിയ അളവിൽ ഇന്ധനം നിറയ്ക്കുമ്പോൾ അത് രണ്ട് ഘട്ടങ്ങളായി മാത്രമേ ചെയ്യാൻ സാധിക്കൂ എന്നായിരുന്നു ജീവനക്കാർ നൽകിയ മറുപടി. ഇതിന് ശേഷം അവർ വീണ്ടും പെട്രോൾ അടിക്കാൻ തുടങ്ങി. എന്നാൽ പെട്രോൾ അടിച്ച് കഴിഞ്ഞതിന് ശേഷം ജീവനക്കാർ നൽകിയ ബില്ല് കണ്ട് ചരൺ സിംഗ് ഞെട്ടിപ്പോയി. ആകെ 52 ലിറ്റർ പെട്രോൾ അടിച്ചതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്. ഒരു കാരണവശാലും 45 ലിറ്ററിലധികം കൊള്ളാത്ത ഒരു ടാങ്കിൽ ഇത്രയും അധികം പെട്രോൾ നിറയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ചരൺ സിംഗ് പമ്പ് ജീവനക്കാരുമായി ഉടൻ തന്നെ തർക്കത്തിലേർപ്പെട്ടു. ഇതൊരു ആസൂത്രിത തട്ടിപ്പാണെന്ന് സംശയിച്ച ചരൺ സിംഗ്, കാർ നിർമ്മാണ കമ്പനിയുടെ ഒരു പ്രതിനിധിയെ നേരിട്ട് പമ്പിലേക്ക് വിളിച്ചുവരുത്തി.

പമ്പിലെത്തിയ കമ്പനി ഉദ്യോഗസ്ഥൻ ഈ വാഹനത്തിന്റെ ടാങ്ക് ശേഷി ഒരു സാഹചര്യത്തിലും 45 ലിറ്ററിൽ കൂടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൃത്യമായ സാങ്കേതിക തെളിവുകൾ മുന്നിൽ വന്നതോടെ പമ്പ് അധികൃതർക്ക് വ്യക്തമായ മറുപടി നൽകാൻ സാധിച്ചില്ല. അളവ് തൂക്ക വിഭാഗത്തിലെ പ്രാദേശിക ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ വ്യവസ്ഥാപിത തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ചരൺ സിംഗ് ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, പെട്രോൾ പമ്പിലെ മെഷീനുകളിൽ എന്തെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ ഭരണകൂടം കർശനമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയൽവാസിയുടെ വീട്ടിൽ കലഹം, ദൃശ്യം ലഭിക്കാൻ ബഹുനില കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങി നിന്ന് വയോധികന്റെ സാഹസികത, വിമർശനം
സ്കൂട്ടർ കത്രിക ഉപയോഗിച്ച് സ്റ്റാർട്ടാക്കാൻ ശ്രമം, പരിഹസിച്ചതോടെ വാക്കേറ്റം, കത്രിക ഉപയോഗിച്ച് കുത്തി കൊലപാതകം; പള്ളുരുത്തിയിൽ ഒരാൾ പിടിയിൽ